breaking news New

20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി ഭാര്യ കാമുകനുമായി ചേർന്ന് ഭർത്താവിനെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി !!!

ഉത്തർപ്രദേശിലെ മീററ്റിലുള്ള ഹസ്തിനാപൂർ മേഖലയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തിൽ കൊല്ലപ്പെട്ട അതുൽ പവാറിന്റെ (32) ഭാര്യ ദാമിനി പവാർ (30), ഇവരുടെ കാമുകനും സ്കൂൾ വാൻ ഡ്രൈവറുമായ തുഷാർ കുമാർ എന്നിവരെ മീററ്റ് പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാവിലെ ആറ് മണിക്ക് എഴുന്നേറ്റപ്പോൾ ഭർത്താവ് അബോധാവസ്ഥയിലാണെന്നും കിടക്കയിൽ പാമ്പിനെ കണ്ടെന്നും കാണിച്ച് ദാമിനിയാണ് ആദ്യം നാട്ടുകാരെ കൂട്ടിയത്. അതുലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കിടപ്പുമുറിയിലുണ്ടായിരുന്ന പാമ്പിനെ നാട്ടുകാർ തല്ലിക്കൊല്ലുകയും ചെയ്തു. എന്നാൽ, അതുലിന്റെ മരണത്തിൽ സംശയം തോന്നിയ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പോലീസ് അന്വേഷണത്തിൽ ദാമിനിയുടെയും തുഷാറിന്റെയും ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ ഇരുവരും തമ്മിൽ നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. തുഷാറിന്റെ ഫോണിൽ നിന്ന് പെട്ടിയിലടച്ച പാമ്പിന്റെ ചിത്രങ്ങളും പോലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.

മൂന്ന് മാസം മുൻപ് അതുൽ ആരംഭിച്ച പ്ലേ സ്കൂളിലെ വാൻ ഡ്രൈവറായ തുഷാറുമായി ദാമിനി പ്രണയത്തിലാവുകയായിരുന്നു. അതുലിന്റെ പേരിലുള്ള 20 ലക്ഷത്തിന്റെ ഇൻഷുറൻസ് തുക കൈക്കലാക്കി, തുഷാറിന്റെ വിവാഹമോചനത്തിന് ശേഷം ഒന്നിച്ച് ജീവിക്കാനായിരുന്നു ഇവരുടെ പദ്ധതി. ഇതിനായി അതുലിന് ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകിയ ശേഷം തുഷാർ പാമ്പുപിടുത്തക്കാരിൽ നിന്ന് വാങ്ങിയെത്തിച്ച വിഷപ്പാമ്പിനെ അതുലിന്റെ പുതപ്പിനുള്ളിലേക്ക് തുറന്നുവിടുകയായിരുന്നു.

പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പാമ്പിനെ നൽകിയ രണ്ട് പാമ്പുപിടുത്തക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t