ആഴ്ചയിലൊരിക്കൽ മാത്രം എടുക്കേണ്ട ഇൻസുലിൻ 'അവിക്ലി'(Awiqli) ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കി. പ്രശസ്ത ഡാനിഷ് മരുന്ന് നിർമ്മാണ കമ്പനിയായ നോവോ നോർഡിസ്കാണ് ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹബാധിതരായ മുതിർന്നവർക്കായുള്ള ഈ മരുന്ന് ബുധനാഴ്ച പുറത്തിറക്കിയത്. വർഷത്തിൽ 365 തവണ എടുക്കേണ്ടിയിരുന്ന ഇൻസുലിൻ കുത്തിവെയ്പ്പുകൾ വെറും 52 ആയി കുറയ്ക്കുന്നതിലൂടെ പ്രമേഹ ചികിത്സാരംഗത്ത് വലിയൊരു മാറ്റത്തിനാണ് ഇത് തുടക്കം കുറിക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചു നിർത്താൻ നിലവിൽ ദിവസേന ഒന്നോ അതിലധികമോ തവണ ഇൻസുലിൻ എടുക്കേണ്ടി വരുന്ന രോഗികൾക്ക് വലിയ ആശ്വാസമാകുന്നതാണ് പുതിയ കണ്ടെത്തൽ. പ്രശസ്തമായ 'സെമാഗ്ലൂട്ടൈഡ്' മരുന്നുകളുടെയും നിർമ്മാതാക്കളായ നോവോ നോർഡിസ്ക്, ഇന്ത്യയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ 'അബോട്ടു'മായി ചേർന്നാണ് പുതിയ മരുന്ന് വിപണിയിലേക്ക് എത്തിക്കുന്നത്.
ഇന്ത്യയിൽ പ്രമേഹ രോഗികൾ ഇൻസുലിൻ ചികിത്സ ആരംഭിക്കാൻ ശരാശരി 7 മുതൽ 9 വർഷം വരെ വൈകാറുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ദിവസേനയുള്ള കുത്തിവെയ്പ്പുകളോടുള്ള ഭയവും വേദനയുമാണ് ഇതിന് പ്രധാന കാരണം. ആഴ്ചയിലൊരിക്കൽ മാത്രം ഉപയോഗിക്കാവുന്ന 'ഫ്ലെക്സ് ടച്ച്' പെൻ ഉപകരണം വഴി നൽകുന്ന അവിക്ലി എത്തുന്നതോടെ രോഗികളുടെ ഈ 'സൂചിപ്പേടി' മാറുമെന്നും കൃത്യസമയത്ത് ചികിത്സ തേടാൻ ജനങ്ങൾ മുന്നോട്ടുവരുമെന്നും കമ്പനി വ്യക്തമാക്കുന്നു.
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നാഷണൽ ഫാമിലി ഹെൽത്ത് സർവേ (NFHS)-6 പ്രകാരം നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാജ്യത്ത് പ്രമേഹബാധിതരുടെ എണ്ണം അതിവേഗം വർദ്ധിക്കുകയാണ്. ഇന്ത്യയിൽ ഏകദേശം 10.1 കോടി ആളുകൾക്ക് പ്രമേഹവും, 13.6 കോടിയോളം ആളുകൾക്ക് പ്രീ-ഡയബറ്റിസും (പ്രമേഹത്തിന് തൊട്ടുമുമ്പുള്ള അവസ്ഥ) ഉണ്ട്. കൂടാതെ, ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയിലെ തകരാറുകൾ മൂലം ഉണ്ടാകുന്ന ടൈപ്പ് 1 പ്രമേഹം ബാധിച്ച 9 ലക്ഷത്തിലധികം ആളുകൾ രാജ്യത്തുണ്ട്.
ഇവരുടെ ചികിത്സ പ്രധാനമായും ഇൻസുലിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ശരീരത്തിന് ഇൻസുലിൻ ശരിയായി ഉപയോഗിക്കാൻ കഴിയാത്തതുപോലുള്ള ഉപാപചയ (metabolic) കാരണങ്ങളാൽ ഉണ്ടാകുന്ന ടൈപ്പ് 2 പ്രമേഹബാധിതരിൽ ഏകദേശം 10 ശതമാനം ആളുകൾക്കും ഇൻസുലിൻ ചികിത്സ ആവശ്യമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അഞ്ച് ഇൻസുലിൻ ബ്രാൻഡുകളിൽ മിക്സ്റ്റാർഡ്, റൈസോഡെഗ് ഉൾപ്പെടെയുള്ള നാലെണ്ണവും നിലവിൽ നിർമ്മിക്കുന്നത് നോവോ നോർഡിസ്ക് ആണ്. രാജ്യത്ത് ഈ മരുന്നുകളുടെ വിതരണത്തിനായി കമ്പനി 'അബോട്ട്' എന്ന സ്ഥാപനവുമായി കൈകോർത്തിട്ടുണ്ട്.
നിലവിൽ ദിവസേന ഉപയോഗിക്കുന്ന 'ഇൻസുലിൻ ഗ്ലാർജിൻ യു100'-നേക്കാൾ മികച്ച രീതിയിൽ രക്തത്തിലെ ഗ്ലൂക്കോസ് നില കുറയ്ക്കാൻ അവിക്ലിക്ക് സാധിക്കുമെന്ന് 'ഓൺവേർഡ്സ്-1' ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. രക്തത്തിൽ പഞ്ചസാരയുടെ അളവ് അപകടകരമാംവിധം കുറയുന്ന 'ഹൈപ്പോഗ്ലൈസീമിയ' എന്ന അവസ്ഥ ഉണ്ടാക്കാതെ തന്നെ HbA1c നിരക്ക് 7 ശതമാനത്തിൽ താഴെ എത്തിക്കാൻ പുതിയ മരുന്നിലൂടെ സാധിച്ചതായും പഠനങ്ങൾ വ്യക്തമാക്കുന്നു.
ദിവസേന എടുക്കേണ്ട പരമ്പരാഗത ബേസൽ ഇൻസുലിനുകളിൽ നിന്ന് വ്യത്യസ്തമായി, 'ഫ്ലക്സ് ടച്ച്' എന്ന് വിളിക്കുന്ന ഒരു പെൻ ഉപകരണം വഴി ആഴ്ചയിൽ ഒരിക്കൽ മാത്രം എടുത്താൽ മതിയെന്നതാണ് അവിക്ലിയുടെ പ്രത്യേകത. ലളിതമായ ഈ ചികിത്സാ രീതി രോഗികൾക്ക് കൃത്യമായി മരുന്ന് കഴിക്കാനുള്ള താല്പര്യം കൂട്ടുമെന്നും, ഇൻസുലിൻ എടുക്കാൻ മടിക്കുന്ന രോഗികളെ നേരത്തെ തന്നെ ചികിത്സ ആരംഭിക്കാൻ പ്രേരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.
പ്രമേഹ രോഗികൾക്ക് ആശ്വാസത്തിന്റെ ശുഭവാർത്ത
Advertisement
Advertisement
Advertisement