breaking news New

അബൂദബിയിൽ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും നഗര സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുമായി വിപുലമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പൂർത്തിയായി

അത്യാധുനിക റോഡ് ശൃംഖലകൾ മുതൽ സംയോജിത കമ്മ്യൂണിറ്റി ഇടങ്ങൾ വരെയുള്ള വൈവിധ്യമാർന്ന പദ്ധതികളാണ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പ് (ഡി എം ടി) നടപ്പിലാക്കിയത്. കഴിഞ്ഞ വർഷം മാത്രം എമിറേറ്റിലുടനീളം 31 പ്രധാന പദ്ധതികളാണ് വകുപ്പ് പൂർത്തിയാക്കി സമർപ്പിച്ചത്. ഇതിൽ 89 പാർക്കുകൾ, 85 കിലോമീറ്റർ സൈക്ലിംഗ് ട്രാക്കുകൾ, മൂന്ന് തുരങ്കങ്ങൾ, രണ്ട് പാലങ്ങൾ, 800 ലൈറ്റിംഗ് പോസ്റ്റുകൾ, എട്ട് പ്രധാന ജംഗ്ഷൻ നവീകരണങ്ങൾ, 105 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, 1,446 പാർക്കിംഗ് കേന്ദ്രങ്ങൾ, ഒരു പരമ്പരാഗത മാർക്കറ്റ് എന്നിവ ഉൾപ്പെടുന്നു.

അൽ ശംഖ മേഖലയിൽ മാത്രം 16 പുതിയ പാർക്കുകളാണ് ഡി എം ടി തുറന്നത്. ഇതിന് പുറമെ അൽ ഫലാഹ്, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവിടങ്ങളിലും അത്യാധുനിക സൗകര്യങ്ങളോടെയുള്ള കമ്മ്യൂണിറ്റി പാർക്കുകൾ പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. പൂർത്തിയായ പദ്ധതികളിൽ ഏറ്റവും ശ്രദ്ധേയം അൽ റീം ദ്വീപിനെ ശൈഖ് ഖലീഫ ബിൻ സായിദ് റോഡുമായി ബന്ധിപ്പിക്കുന്ന രണ്ട് കടൽ പാലങ്ങളാണ്. ഇത് ഗതാഗതക്കുരുക്ക് വലിയ തോതിൽ കുറയ്ക്കാനും തിരക്കേറിയ സമയങ്ങളിലെ യാത്രാസമയം 60 ശതമാനം (ഏകദേശം 15 മിനിറ്റോളം) ലാഭിക്കാനും സഹായിക്കുന്നുണ്ട്.

ശൈഖ സലാമ ബിന്ത് ബുത്തി റോഡിന്റെ വികസനം വഴി യാത്രാസമയം 17 മിനിറ്റിൽ നിന്ന് വെറും ഒമ്പത് മിനിറ്റായി ചുരുങ്ങി. അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ നവീകരണത്തിലൂടെ പ്രഭാത സമയങ്ങളിലെ ഗതാഗത തടസ്സങ്ങളിൽ 80 ശതമാനം കുറവുണ്ടായി.

ആയിരത്തോളം സെൻസറുകളും 200 സ്മാർട്ട് ക്യാമറകളും ഘടിപ്പിച്ച പത്ത് സ്മാർട്ട് പാർക്കുകളാണ് എമിറേറ്റിൽ വികസിപ്പിച്ചത്. നഗരാസൂത്രണം കൂടുതൽ കാര്യക്ഷമമാക്കാൻ 70 ഡാറ്റാ സ്രോതസ്സുകളെ ബന്ധിപ്പിച്ചു കൊണ്ട് “നബ്ദ്’ എന്ന തത്സമയ സിറ്റി മോഡലിംഗ് പ്ലാറ്റ്ഫോമും ഡിജിറ്റൽ ട്വിൻ മാതൃകയും മന്ത്രാലയം നടപ്പിലാക്കി. മാലിന്യ നിരീക്ഷണത്തിനും അറ്റകുറ്റപ്പണികൾക്കുമായി സ്മാർട്ട് പരിശോധനാ വാഹനങ്ങൾ രംഗത്തിറക്കിയിട്ടുണ്ട്.

പൊതു ബസുകൾ, പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ സൗജന്യ “ഹല വൈഫൈ’ സേവനവും വിപുലീകരിച്ചു. “അബൂദബി കാൻവാസ്’ എന്ന പേരിൽ പൊതുസ്ഥലങ്ങളിൽ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ഒരു ദശലക്ഷം ചതുരശ്ര മീറ്റർ ടാറിങ് ജോലികളും 6,458 കിലോമീറ്റർ നീളത്തിൽ ഓടകളുടെ നവീകരണവും പൂർത്തിയാക്കി.

അബൂദബി പ്രൊജക്ട്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെന്ററിന്റെ മേൽനോട്ടത്തിൽ നിലവിൽ 209 ശതകോടിയിലധികം ദിർഹം മൂല്യമുള്ള അഞ്ഞൂറിലധികം പദ്ധതികളാണ് പുരോഗമിക്കുന്നത്. റോഡുകൾ, പാലങ്ങൾ, സ്‌കൂളുകൾ, ആശുപത്രികൾ, മ്യൂസിയങ്ങൾ, ഹോട്ടലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രാദേശിക ഭരണകൂടങ്ങൾ, ജല-വൈദ്യുത വിതരണക്കാർ, ഗതാഗത-ടെലികോം അതോറിറ്റികൾ ഉൾപ്പെടെ 14 സർക്കാർ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ഏകീകൃത ഭരണ സംവിധാനവും നിലവിൽ വന്നിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t