പരിശോധനയിൽ അപകടകരമായ അളവിൽ മെർക്കുറി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഫേസ് ഫ്രഷ് ഗോൾഡ്, ഗോൾഡൻ സ്റ്റാർ ബ്യൂട്ടി ക്രീം, പാകിസ്താനിൽ നിർമ്മിക്കുന്ന ഗോറി ബ്യൂട്ടി ക്രീം എന്നിവയാണ് നിരോധിച്ച ഉൽപ്പന്നങ്ങൾ.
സംരംഭകനും സോഷ്യൽ മീഡിയാ ഉപയോക്താവുമായ ചിരാഗ് ഭർജാട്യയുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് വിഷയം പൊതുശ്രദ്ധയിൽ എത്തിച്ചത്. നാഗ്പൂരിലെ 18 സ്ത്രീകൾക്ക് രണ്ട് വർഷത്തിനിടെ വൃക്കസംബന്ധമായ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയെന്നും ഇവരെല്ലാം ഗോറി ബ്യൂട്ടി ക്രീം സ്ഥിരമായി ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം പോസ്റ്റിൽ ചൂണ്ടിക്കാട്ടി. തുടർന്ന് എഫ്‌ഡിഎ നടത്തിയ പരിശോധനയിൽ ക്രീമിൽ അനുവദനീയമായ പരിധിയേക്കാൾ 752 മടങ്ങ് അധിക മെർക്കുറി കണ്ടെത്തിയതായും അദ്ദേഹം വെളിപ്പെടുത്തി.
ഇതിനിടെ, ഗോറി ബ്യൂട്ടി ക്രീം ഉപയോഗിച്ചതിന് പിന്നാലെ വൃക്കരോഗങ്ങൾ ബാധിച്ചെന്ന പരാതിയുമായി നാഗ്പൂരിൽ നിന്ന് നിരവധി പേർ അധികൃതരെ സമീപിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ മഹാരാഷ്‌ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ക്രീമിന്റെ സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറിയിൽ പരിശോധിച്ചപ്പോഴാണ് മെർക്കുറിയുടെ അളവ് അതീവ അപകടകരമാണെന്ന് സ്ഥിരീകരിച്ചത്.
ചില ഉപഭോക്താക്കൾ ഈ ഉൽപ്പന്നങ്ങൾ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകൾ വഴിയാണ് വാങ്ങിയതെന്നും, ഏകദേശം രണ്ട് വർഷത്തോളമായി തുടർച്ചയായി ഉപയോഗിച്ചുവരികയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. ചില ക്രീമുകൾ കാലാവധി തീയതി പോലും രേഖപ്പെടുത്താതെയാണ് വിപണിയിലെത്തിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
ചർമ്മം വെളുപ്പിക്കാനുള്ള ക്രീമുകളിൽ മെലാനിൻ ഉൽപ്പാദനം കുറയ്‌ക്കാൻ നിയമവിരുദ്ധമായി മെർക്കുറി പോലുള്ള വിഷലോഹങ്ങൾ ചേർക്കുന്ന പ്രവണത ചില നിർമാതാക്കൾക്കിടയിൽ തുടരുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മെർക്കുറി അടങ്ങിയ സൗന്ദര്യവർധക വസ്തുക്കളുടെ ദീർഘകാല ഉപയോഗം വൃക്കകൾ, നാഡീവ്യൂഹം, കരൾ ഉൾപ്പെടെയുള്ള പ്രധാന അവയവങ്ങൾക്ക് ഗുരുതരമായ തകരാറുകൾ സൃഷ്ടിക്കുമെന്ന് എഫ്‌ഡിഎ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ഈ ക്രീമുകൾ വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
മുഖസൗന്ദര്യം വർധിപ്പിക്കുമെന്ന പേരിൽ വിപണിയിലെത്തിയ മൂന്ന് ബ്യൂട്ടി ക്രീമുകൾക്ക് മഹാരാഷ്‌ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്‌ഡിഎ) നിരോധനം ഏർപ്പെടുത്തി
Advertisement
Advertisement
Advertisement