breaking news New

തുടര്‍ച്ചയായ ദിവസങ്ങളില്‍ പെയ്തിറങ്ങിയ അതിശക്തമായ മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ നാശനഷ്ടം

മുംബൈ നഗരത്തിലും പരിസരപ്രദേശങ്ങളിലുമുണ്ടായ വിവിധ അപകടങ്ങളിലായി ഇതുവരെ പത്തുപേര്‍ മരിച്ചു. പലയിടങ്ങളിലും ജനജീവിതം പൂര്‍ണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. കനത്ത വെള്ളക്കെട്ടും മണ്ണിടിച്ചിലും കനത്ത നാശനഷ്ടം വിതച്ച സാഹചര്യത്തില്‍ മുംബൈ ഉള്‍പ്പെടെയുള്ള പ്രമുഖ നഗരങ്ങളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ദാരുണമായ അപകടവിവരങ്ങളാണ് പുറത്തുവരുന്നത്. മുംബൈയിലെ സാകീ നാകായില്‍ തുറന്നു കിടന്നിരുന്ന മാന്‍ഹോളില്‍ വീണാണ് ഒരാള്‍ മരിച്ചത്. കുര്‍ളയില്‍ റോഡരികിലെ കടയ്ക്ക് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. ചേമ്പൂരില്‍ സ്‌കൂള്‍ ബസിന് മുകളിലേക്ക് മരം കടപുഴകി വീണുണ്ടായ അപകടത്തില്‍ 11 വയസുകാരനായ വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ടത്. മീര റോഡ്-ഭയന്ദര്‍ മേഖലയില്‍ തെങ്ങ് വീണും ഒരാള്‍ മരിച്ചു. കനത്ത ജാഗ്രതാ നിര്‍ദ്ദേശം ലംഘിച്ച് ഖാര്‍ഘറിലെ പാണ്ഡവ്കഡ വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ ശക്തമായ ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

മഴ കനത്തതോടെ റോഡ്-റെയില്‍ ഗതാഗതസംവിധാനങ്ങള്‍ പൂര്‍ണ്ണമായും തകിടം മറിഞ്ഞു. ലോഹഗഡ് കോട്ടയ്ക്ക് സമീപമുള്ള പട്ടന്‍ ഗ്രാമത്തിലുണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ ഒരു കുടുംബം മുഴുവനായി അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ അടിയന്തരമായി പുറത്തെടുക്കാനായി ദേശീയ ദുരന്തനിവാരണ സേനയുടെ (NDRF) നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലും റോഡിലെ വെള്ളക്കെട്ടും രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രധാന ഗതാഗതമാര്‍ഗ്ഗങ്ങളായ പുണെ-മുംബൈ എക്‌സ്പ്രസ് വേയും ദേശീയപാതയും താല്‍ക്കാലികമായി പൂര്‍ണ്ണമായും അടച്ചുപൂട്ടിയിരിക്കുകയാണ്. ഇതോടെ മുംബൈ-പുണെ റെയില്‍-റോഡ് ബന്ധം പാടേ തടസ്സപ്പെട്ടു.

വരും മണിക്കൂറുകളിലും സ്ഥിതി അതീവ ഗുരുതരമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുംബൈ, പാല്‍ഘര്‍, റായ്ഗഡ്, പുണെ എന്നീ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചുകൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. കനത്ത ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ഭരണകൂടം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t