മുംബൈ മിരാ റോഡ് (ഈസ്റ്റ്) തിയാര ഹില്‍സ് നിവാസിയായ 25-കാരന്‍ മോഹിത് സോണിയാണ് സ്വന്തം കാറിനുള്ളില്‍ രക്തം വാര്‍ന്നു മരിച്ചത്. പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ സ്റ്റിയറിങ് വീലിലെ എയര്‍ബാഗ് അപ്രതീക്ഷിതമായി പുറത്തേക്ക് വരികയും, അതിന്റെ പ്ലാസ്റ്റിക് കവചം കഴുത്തില്‍ വന്ന് ഇടിക്കുകയുമായിരുന്നു. സംഭവത്തില്‍ കാഷിമിര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിൽ മോഹിത് സോണി കാറിനുള്ളില്‍ ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ട ഒരു വഴിയാത്രക്കാരനാണ് വിവരം പ്രദേശവാസികളെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കാഷിമിര പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം ഉടനടി സ്ഥലത്തെത്തി സോണിയെ വാഹനത്തില്‍ നിന്ന് പുറത്തെടുത്ത് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
എയര്‍ബാഗ് പെട്ടെന്ന് പുറത്തേക്ക് വന്നതിനെ തുടര്‍ന്ന് അതിന്റെ പ്ലാസ്റ്റിക് കവര്‍ അതിശക്തമായി തെറിച്ച് സോണിയുടെ കഴുത്തിന്റെ വലതുഭാഗത്ത് ഇടിച്ചതാവാമെന്നാണ് അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എസ് കാഷിദ് വ്യക്തമാക്കുന്നത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റ സോണിക്ക് വലിയ തോതില്‍ രക്തം നഷ്ടപ്പെടുകയും മിനിറ്റുകള്‍ക്കകം ബോധരഹിതനാവുകയുമായിരുന്നു. അപകടസമയത്ത് സമീപത്ത് മറ്റാരും ഇല്ലാതിരുന്നതിനാല്‍ കൃത്യസമയത്ത് വൈദ്യസഹായം ലഭ്യമാക്കാന്‍ സാധിച്ചില്ല. ഇത്തരത്തില്‍ അമിതമായി രക്തം വാര്‍ന്നുപോയതാണ് മരണത്തിലേക്ക് നയിച്ചത്.
പ്രാഥമിക പരിശോധനയില്‍ വാഹനം മറ്റൊന്നുമായും കൂട്ടിയിടിച്ചതിന്റെയോ പുറത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചതിന്റെയോ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര കാംബ്ലെ പറഞ്ഞു. വാഹനം പൂര്‍ണ്ണമായും നിശ്ചലാവസ്ഥയിലായിരുന്നു. പുറത്തുനിന്ന് യാതൊരുവിധ ആഘാതവും ഉണ്ടായിട്ടുമില്ല. സ്റ്റിയറിങ് വീലിലെ എയര്‍ബാഗ് തനിയെ പുറത്തേക്ക് വരികയും അതിന്റെ പ്ലാസ്റ്റിക് കവചം ഇരയുടെ കഴുത്തില്‍ ഇടിക്കുകയുമായിരുന്നു. ഇതാണ് മരണകാരണമായ മാരകമായ പരിക്കിലേക്ക് നയിച്ചത്. നിലവില്‍ ഫോറന്‍സിക് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് കാറിനുള്ളില്‍ നിന്ന് രക്തസാമ്പിളുകളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചിട്ടുണ്ട്.
സാധാരണ ഗതിയില്‍ ശക്തമായ ഇംപാക്ട് ഉണ്ടാകുമ്പോള്‍ മാത്രം പ്രവര്‍ത്തിക്കേണ്ട എയര്‍ബാഗ് തനിയെ പ്രവര്‍ത്തിക്കാനുണ്ടായ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പിനെ പൊലീസ് വിവരമറിയിച്ചിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വാഹനത്തിന്റെ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍ സവിശേഷമായി പരിശോധിച്ചുവരികയാണ്. ഇതിന് പുറമെ വാഹന നിര്‍മാതാക്കളില്‍ നിന്നും കമ്പനിയുടെ സാങ്കേതിക റിപ്പോര്‍ട്ട് തേടുമെന്ന് പൊലീസ് അറിയിച്ചു.
കൃത്യമായ സംഭവവികാസങ്ങള്‍ വ്യക്തമാകാനും എയര്‍ബാഗ് തനിയെ പുറത്തേക്ക് വരാന്‍ കാരണമായത് മെക്കാനിക്കല്‍ തകരാറാണോ അതോ ഇലക്ട്രിക്കല്‍ തകരാറാണോ എന്ന് കണ്ടെത്താനും ഫോറന്‍സിക്, സാങ്കേതിക റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട കാറിന് ഏകദേശം 15 വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് വിവരം. എങ്കിലും നിലവില്‍ ഈ വാഹനത്തിന് നിയമപരമായ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. കാറുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ പോലും മരണക്കെണിയാകാം എന്ന ആശങ്കയിലാണ് ഈ സംഭവത്തോടെ വാഹനപ്രേമികള്‍.
പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ എയര്‍ബാഗ് പൊട്ടിത്തെറിച്ച് 25-കാരന്‍ രക്തം വാര്‍ന്നു മരിച്ചു !!
Advertisement
Advertisement
Advertisement