മരിച്ചയാളുടെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല, എന്നാൽ കൊല്ലപ്പെട്ടത് മലയാളി തന്നെയാണ് എന്നാണ് പോലീസ് റിപ്പോർട്ട് നൽകുന്ന സൂചന. ജൂൺ 9 ന് പശ്ചിമ ബംഗാളിലെ കുൽത്താലിയിൽ ആണ് സംഭവം നടന്നത്. കള്ളനെന്ന് സംശയിച്ചാണ് ആക്രമണമുണ്ടായത് എന്നാണ് പറയപ്പെടുന്നത്, മരിച്ചയാൾക്ക് ഏകദേശം മുപ്പത് വയസ് പ്രായമുണ്ട്.
മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദ്ദനമെന്നും ഭാഷ അറിയാത്തതിനാൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ ആക്രമിക്കപ്പെട്ടയാൾക്ക് കഴിഞ്ഞില്ലയെന്നും റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിലായിട്ടുണ്ട്.മരിച്ചത് മലയാളിയാണ് എന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇയാളുടെ ഡീറ്റെയിൽസ് ലഭ്യമായിട്ടില്ല. കേരളത്തിൽ ജോലി ചെയ്തിരുന്ന ചില സഹപ്രവർത്തകർക്കൊപ്പം കുൽത്താലി സന്ദർശിക്കാൻ എത്തിയ ആൾ ആണ് കൊല്ലപ്പെട്ടത് എന്നാണ് ബരുയിപൂർ സബ് ഡിവിഷനിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത് എന്ന് ഹിന്ദു റിപ്പോർട്ട് ചെയ്തിരിക്കുന്നു.
എന്നാൽ, കേരളത്തിൽ നിന്നും ജോലിക്കായി കുൽത്താലിയിലെ സങ്കിജഹാൻ പ്രദേശത്തെ ഒരു പരിചയക്കാരന്റെ വീട്ടിൽ എത്തിയതായിരുന്നു ഇയാൾ എന്നാണ് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് ഇയാൾ തന്റെ സുഹൃത്തുക്കളോടൊപ്പം കുൽത്താലിയിൽ എത്തി, ചൊവ്വാഴ്ച രാവിലെ ഗ്രാമത്തിലെ സങ്കിജഹാൻ പ്രദേശത്തെ ഒരു മാർക്കറ്റിൽ പോയപ്പോൾ ഇദ്ദേഹത്തിന് വഴിതെറ്റി.
തുടർന്ന് പരിചയമില്ലാത്ത ഒരാൾ സംശയകരമായ നിലയിൽ പ്രദേശത്ത് ചുറ്റിക്കറങ്ങുന്നത് കണ്ട പ്രദേശവാസികൾ ഇയാൾ മോഷ്ടാവാണ് എന്ന് കരുതി. ഗ്രാമവാസികൾ അയാളെ ചോദ്യം ചെയ്തു. ഒരു വിഭാഗം നാട്ടുകാർ തിരിച്ചറിയൽ കാർഡ് കാണിക്കാൻ അയാളോട് ആവശ്യപ്പെട്ടു. എന്നാൽ ബംഗാളി അറിയാത്തതിനാൽ തന്റെ ഭാഗം വിശദീകരിക്കാൻ അയാൾക്ക് കഴിഞ്ഞില്ല.
ഇയാൾ മോഷ്ടാവാണെന്ന് ഭയന്ന് നാട്ടുകാർ അയാളെ കയറുകൊണ്ട് കെട്ടിയിട്ട് മർദ്ദിച്ചു. അതിനിടെ അയാൾ ഒരു ഗർഭിണിയായ സ്ത്രീയെ ഉപദ്രവിച്ചതായി ചില ഗ്രാമവാസികൾ ആരോപിച്ചു, ഇത് നാട്ടുകാരെ കൂടുതൽ പ്രകോപിപ്പിച്ചു. പിന്നീട് ഗുരുതരമായി പരിക്കേറ്റ ഒരാൾ റോഡിൽ കിടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് കുൽത്താലി പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പരുക്കേറ്റയാളെ ജയ്നഗർ-കുൽത്താലി ഗ്രാമീണ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എന്നാൽ ആശുപത്രിയിലെത്തുച്ചെങ്കിലും അയാളുടെ ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർമാർ മരണം ഉറപ്പിച്ചതോടെ പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. എന്നാൽ ആൾക്കൂട്ട മർദ്ദനമേറ്റാണ് ഇയാൾ മരിച്ചത് എന്ന് ആ ഘട്ടത്തിൽ പോലീസ് അറിഞ്ഞിരുന്നില്ല എന്നാണ് റിപ്പോർട്ട്. ജൂൺ 9 നാണ് സംഭവം നടന്നതെങ്കിലും, കുറ്റകൃത്യത്തിന്റെ ഡീറ്റെയിൽസ് ശനിയാഴ്ച സോഷ്യൽ മീഡിയ വഴിയാണ് പോലീസിന് അറിയുന്നത്.
ഒരാളെ കയറുകൊണ്ട് കെട്ടിയിട്ട് മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോലീസ് കണ്ടു. സംശയത്തിന്റെ പേരിൽ നാട്ടുകാർ മർദിച്ച അതേ വ്യക്തി തന്നെയാണ് മരിച്ചതെന്ന് അങ്ങനെ പോലീസ് കണ്ടെത്തി എന്നാണ് റിപ്പോർട്ട്. തുടർന്ന് കുൽത്താലി പോലീസ് ശനിയാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തു, അതിന്റെ അടിസ്ഥാനത്തിൽ എട്ട് പേരെ ആദ്യം കസ്റ്റഡിയിലെടുത്തു.
കേരളത്തിൽ ജോലി ചെയ്തിരുന്ന ചില സഹപ്രവർത്തകർക്കൊപ്പം ബംഗാൾ സന്ദർശിക്കാൻ പോയ മലയാളി ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടതായി റിപ്പോർട്ട്
Advertisement
Advertisement
Advertisement