ന്യൂഡൽഹി : വിവാഹ മോചന ഹര്‍ജിയില്‍ വിധിപറയാന്‍ ഒരുങ്ങവെയാണ് ജഡ്ജിയുടെ ഒറ്റ ചോദ്യത്തിന് പിന്നാലെ ഡല്‍ഹിയിലെ കോടതിമുറി സാക്ഷിയായത് അതീവ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കായിരുന്നു. വര്‍ഷങ്ങളായി കടുത്ത വാശിപ്പുറത്ത് മുന്നോട്ട് കൊണ്ടുപോയ വിവാഹമോചന കേസിന്റെ ഫയലുകള്‍ കോടതിമുറിയില്‍ വെച്ച് പരസ്യമായി കീറിയെറിഞ്ഞ ഭാര്യ, ഓടിച്ചെന്ന് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ഇതോടെ ദമ്പതികള്‍ തമ്മിലുണ്ടായിരുന്ന അഞ്ച് വര്‍ഷത്തെ കടുത്ത നിയമയുദ്ധത്തിനാണ് കോടതിമുറിയില്‍ വെച്ച് അപ്രതീക്ഷിതവും ശുഭകരവുമായ പര്യവസാനമുണ്ടായത്.
2020-ല്‍ വലിയ ആഘോഷങ്ങളോടെയായിരുന്നു ശിഖയുടെയും സൗരഭിന്റെയും വിവാഹം നടന്നത്. എന്നാല്‍ ദാമ്പത്യജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ഇവര്‍ക്കിടയില്‍ കടുത്ത തര്‍ക്കങ്ങളും പരസ്പരമുള്ള ആരോപണങ്ങളും ഉടലെടുത്തു. ഒടുവില്‍ ഒരുമിച്ച് പോകാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ വിവാഹബന്ധം വേര്‍പെടുത്താനായി ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി വര്‍ഷങ്ങളോളം കേസ് നീണ്ടുപോയത് ഇരുവരുടെയും മനഃസമാധാനത്തെ മാത്രമല്ല, സാമ്പത്തിക ഭദ്രതയെയും കഠിനമായി ബാധിച്ചു.
മകളുടെ കേസിന് പിന്നാലെ നടന്ന് ശിഖയുടെ പിതാവിന്റെ സമ്പാദ്യം മുഴുവന്‍ ഒടുങ്ങിയിരുന്നു. മകളുടെ ഭാവിയെക്കുറിച്ചുള്ള കടുത്ത മാനസിക സമ്മര്‍ദ്ദവും സാമ്പത്തിക തകര്‍ച്ചയും കാരണം ഇതിനിടയില്‍ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കുടുംബത്തിന് അദ്ദേഹത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രമേ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ.
എന്നാല്‍, കോടതിയില്‍ കേസ് കടുത്ത രീതിയില്‍ മുന്നോട്ട് പോകുമ്പോഴും തന്റെ ഭാര്യാപിതാവിന്റെ ഗുരുതരമായ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിഞ്ഞ സൗരഭ് ഉടന്‍ തന്നെ സഹായവുമായി ഓടിയെത്തി. കോടതിയിലെ പിണക്കങ്ങളും തര്‍ക്കങ്ങളുമെല്ലാം മാറ്റിവെച്ച് അദ്ദേഹം സ്വന്തം മുന്‍കൈ എടുത്ത് ഭാര്യാപിതാവിനെ ഗുരുഗ്രാമിലെ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളുമുള്ള പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ കൃത്യസമയത്ത് ലഭിച്ച വിദഗ്ധ ചികിത്സയിലൂടെ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. കടുത്ത നിയമപോരാട്ടത്തിനിടയിലും സൗരഭ് കാട്ടിയ ഈ ഒരു കാരുണ്യവും വലിയ മനസ്സും ശിഖയുടെയും കുടുംബത്തിന്റെയും മനസിലെ എല്ലാ വിരോധവും ഒരൊറ്റ നിമിഷം കൊണ്ട് മായ്ക്കാന്‍ പോന്നതായിരുന്നു. ഇത് ദമ്പതികള്‍ തമ്മിലുണ്ടായിരുന്ന അകലം ഗണ്യമായി കുറച്ചു.
തൊട്ടടുത്ത ദിവസം തന്നെ ഇരുവരും വിവാഹമോചന കേസിന്റെ അടുത്ത വാദത്തിനായി വീണ്ടും കോടതിയില്‍ ഹാജരായി. വക്കീലന്മാര്‍ പതിവുപോലെ വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടയിലാണ് കോടതിയെപ്പോലും അമ്പരപ്പിച്ച ആ അപ്രതീക്ഷിത നിമിഷം കടന്നുവന്നത്. 'നിങ്ങള്‍ക്ക് ഇപ്പോഴും വിവാഹമോചനം വേണോ?' എന്ന് ജഡ്ജി സൗരഭിനോട് ചോദിച്ചു. മറുപടി പറയുന്നതിന് മുന്‍പ് സൗരഭ് ശിഖയെ നോക്കി സ്‌നേഹത്തോടെ ചെറുതായി ഒന്ന് പുഞ്ചിരിച്ചു. ആ ഒരൊറ്റ നോട്ടവും പുഞ്ചിരിയും ശിഖയുടെ മനസ്സില്‍ വര്‍ഷങ്ങളായി കെട്ടിക്കിടന്ന ദേഷ്യത്തെയും ശാഠ്യത്തെയും നിമിഷനേരം കൊണ്ട് ഇല്ലാതാക്കി.
വികാരമടക്കാനാവാതെ ശിഖ തന്റെ കൈയിലിരുന്ന വിവാഹമോചന ഹരജിയുടെ പകര്‍പ്പുകള്‍ കോടതിമുറിയില്‍ വെച്ച് തന്നെ കീറിയെറിയുകയും ഭര്‍ത്താവിന്റെ അരികിലേക്ക് ഓടിച്ചെന്ന് അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയുമായിരുന്നു. ഇരുവരും പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞപ്പോള്‍ കോടതിമുറിയിലാകെ നിശബ്ദത പടര്‍ന്നു. നിയമപരമായി വേര്‍പിരിയലില്‍ വിധി വരേണ്ടിയിരുന്ന ആ ദിവസം, സൗരഭ് കാട്ടിയ നന്മയിലൂടെയും സ്‌നേഹത്തിലൂടെയും ഒരു പുതിയ ജീവിതത്തിന്റെ തുടക്കമായി മാറി. വര്‍ഷങ്ങളോളം നീണ്ട വാദങ്ങള്‍ക്കോ കോടതിക്കോ പരിഹരിക്കാന്‍ കഴിയാത്തതാണ് സൗരഭിന്റെ നല്ല മനസ്സ് മാറ്റിയെടുത്തതെന്നാണ് കോടതിയിലുണ്ടായിരുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇരുവരുടെയും പുനഃസമാഗമത്തിന് സാക്ഷിയായ കോടതി കേസ് ഔദ്യോഗികമായി അവസാനിപ്പിച്ചു.
അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടവും കടുത്ത പിണക്കങ്ങളും ഒടുവില്‍ വിവാഹ മോചന കേസില്‍ വിധിപറയാനിരിക്കെ കോടതിമുറിയില്‍വച്ച് ഹര്‍ജിയുടെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിന്റെ അരികിലേക്ക് ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് യുവതി !!
Advertisement
Advertisement
Advertisement