breaking news New

അമേരിക്കയില്‍ പ്രവാസി മലയാളികളായ വധുവും വരനും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു : വരനും പൈലറ്റും ദാരുണമായി മരിച്ചു !!

യുഎസിലെ ജോര്‍ജിയയില്‍ വിവാഹദിനത്തിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അപകടം ഉണ്ടായത്. ജോര്‍ജിയയിലെ ഡോസണ്‍ കൗണ്ടിയില്‍ 29ന് രാത്രി 10.30ന് (ഇന്ത്യന്‍ സമയം 30ന് രാവിലെ 8) ആയിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂവാറ്റുപുഴയില്‍ നിന്നു വര്‍ഷങ്ങള്‍ക്കു മുന്‍പേ യുഎസിലേക്കു കുടിയേറിയ കടുവാക്കുഴിയില്‍ ഫിജി ജോര്‍ജ് - ഫേബ ഫിജി ദമ്പതികളുടെ മകന്‍ ഡേവ് ഫിജിയാണ് മരിച്ചത്. ആലപ്പുഴ എടത്വ തലവടി ചുടുക്കാട്ടില്‍ ജെസ്വിന്‍ വില്ലയില്‍ സാം ഉമ്മന്‍ ഷീല സാം ദമ്പതികളുടെ മകളാണ് പരുക്കേറ്റ ജെസ്‌നി സാം. രണ്ടു കുടുംബങ്ങളും വര്‍ഷങ്ങളായി യുഎസിലാണ് താമസം. അറ്റ്‌ലാന്റ എയര്‍ലൈന്‍സില്‍ പൈലറ്റായി ജോലി ചെയ്യുന്ന ഡേവ് ഫിജിയും ജെസ്‌നിയും തമ്മിലുള്ള വിവാഹം 29ന് വൈകിട്ട് 4.30നാണു നടന്നത്. വിവാഹശേഷം ഇരുവരും ഒന്നിച്ചുള്ള ഹെലികോപ്റ്റര്‍ യാത്രയാണ് അപകടത്തില്‍ കലാശിച്ചത്.

തലവടി സ്വദേശിയായ സാമും കുടുംബവും കഴിഞ്ഞ 20 വര്‍ഷമായി അമേരിക്കയിലാണ് താമസം. രണ്ടു വര്‍ഷം മുന്‍പാണ് സാം നാട്ടില്‍ വന്നു മടങ്ങിയത്. മകന്റെ വിവാഹം 6 വര്‍ഷം മുന്‍പ് നാട്ടില്‍ നടത്തിയിരുന്നു. മകളുടെ വിവാഹം പ്രമാണിച്ച് ഇന്നലെ തലവടിയിലെ ടിപിഎം സഭാഹാളില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്ന് ഒരുക്കിയിരുന്നു.

ഈ ചടങ്ങ് മാറ്റിവച്ചതോടെയാണ് അപകടത്തെക്കുറിച്ച് നാട്ടില്‍ വിവരം ലഭിച്ചത്. അപകടത്തെക്കുറിച്ച് യുഎസിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം ആരംഭിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t