breaking news New

തനിച്ചു താമസിച്ച സ്ത്രീയെ വീടിനുള്ളില്‍ ഭക്ഷണം കിട്ടാതെ മരിച്ച നിലയില്‍ കണ്ടെത്തി !! സമൂഹത്തിന്റെ കണ്ണുതുറപ്പിക്കേണ്ട സംഭവം !!

കൊല്ലം: ഭക്ഷണം ലഭിക്കാതെ അവശനിലയിലായിരുന്ന 66-കാരി വീട്ടിനുള്ളിൽ മരിച്ച നിലയിൽ.

കുളത്തൂപ്പുഴ ഇഎസ്എം നഗർ മരുതിമൂട് ചതുപ്പിൽ രജനി വിലാസത്തിൽ ആർ. കനകമാണ് മരിച്ചത്. മൃതദേഹത്തിന് പത്ത് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് നിഗമനം. വീട്ടിൽനിന്ന് രൂക്ഷമായ ദുർഗന്ധം ഉയർന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം തെന്മല ഇടമൺ ശാന്തിതീരത്ത് സംസ്കരിച്ചു.

കഴിഞ്ഞ രണ്ടര മാസമായി കനകം വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. എന്നാൽ ഇവർ ഒറ്റയ്ക്ക് കഴിയുന്ന വിവരം അയൽവാസികൾ പോലും അറിഞ്ഞിരുന്നില്ല. വീട്ടിൽ വൈദ്യുതി ഇല്ലാതിരുന്നതിനാൽ ആളനക്കം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

കഴിഞ്ഞ ഓണക്കാലത്തിന് തൊട്ടുമുമ്പ് ആരോഗ്യനില വഷളായതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ ഇടപെട്ട് കനകത്തെ പുനലൂർ സർക്കാർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കുശേഷം മൈലമൂട്ടിലുള്ള കൊച്ചുമക്കളുടെ അടുത്തേക്ക് മാറ്റിയെങ്കിലും ഓണം കഴിഞ്ഞ ഉടൻ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

മുമ്പ് തൊഴിലുറപ്പ് ജോലികൾ ചെയ്തിരുന്ന കനകത്തിന് അസുഖം വർധിച്ചതോടെ ജോലിക്ക് പോകാൻ കഴിയാതായി. ഇവരുടെ പേരിലുണ്ടായിരുന്ന റേഷൻ കാർഡും നിലവിൽ റദ്ദാക്കപ്പെട്ട നിലയിലാണ്. വർഷങ്ങളായി പ്രദേശത്തെ റേഷൻ കടയിൽനിന്ന് സാധനങ്ങൾ വാങ്ങിയിരുന്നില്ല. 2019-ൽ റേഷൻ കാർഡ് തിരുവനന്തപുരം നെയ്യാറ്റിൻകര താലൂക്കിലെ കടയിലേക്ക് മാറ്റിയതായാണ് രേഖകളെന്ന് റേഷനിങ് അധികൃതർ വ്യക്തമാക്കി.

കനകത്തിന്റെ ഭർത്താവ് ജോൺ ജോസഫും ഏകമകൾ രജനിയും നേരത്തെ മരിച്ചിരുന്നു. നിലവിൽ രണ്ട് കൊച്ചുമക്കൾ പിതാവ് ജയനൊപ്പം മൈലമൂട്ടിലാണ് താമസിക്കുന്നത്.

സമൂഹത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ് ഈ സംഭവം. കുടുംബബന്ധങ്ങളും സാമൂഹിക ഇടപെടലുകളും അകന്നുപോകുമ്പോൾ ആരുമറിയാതെ ദുരിതജീവിതം നയിക്കേണ്ടിവരുന്ന വയോധികരുടെ അവസ്ഥ വീണ്ടും ചർച്ചയാകുകയാണ്.

CENTRAL MEDIA NEWS DESK | www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4