ആലപ്പുഴ / ഹരിപ്പാട്: പരീക്ഷ എഴുതാനായി വീട്ടിൽനിന്ന് യാത്രതിരിച്ച രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയെ കാണാതായ സംഭവത്തിന് ദാരുണാന്ത്യം. തിങ്കളാഴ്ച മുതൽ കാണാതായ ഇടപ്പോൺ സ്വദേശി ദേവദത്ത് (19) എന്ന ആരോമലിന്റെ മൃതദേഹം ആറാട്ടുപുഴ അഴീക്കൽ കടലിൽ കണ്ടെത്തി.
നൂറനാട് പാറ്റൂർ ശ്രീബുദ്ധാ കോളേജ് ഓഫ് എൻജിനീയറിങ്ങിലെ രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു. വലിയഴീക്കൽ പാലത്തിൽനിന്ന് കടലിലേക്ക് ചാടിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ കായംകുളം പൊഴിക്ക് രണ്ട് കിലോമീറ്റർ പടിഞ്ഞാറ് കടലിൽ മൃതദേഹം ഒഴുകിനടക്കുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിലെ മറൈൻ എൻഫോഴ്സ്മെന്റ് സംഘം മൃതദേഹം കരയ്ക്കെത്തിച്ചു. തുടർന്ന് കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
തിങ്കളാഴ്ച രാവിലെ 9.15ഓടെയാണ് പരീക്ഷ എഴുതാനായി ദേവദത്ത് വീട്ടിൽനിന്ന് കാറിൽ പുറപ്പെട്ടത്. എന്നാൽ കോളേജിൽ എത്താതിരുന്നതിനെ തുടർന്ന് പിതാവ് ശ്രീകുമാർ നൂറനാട് പോലീസിൽ പരാതി നൽകി.
അന്വേഷണത്തിനിടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അഴീക്കൽ ഭാഗത്താണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ വലിയഴീക്കൽ പാലത്തിൽ ദേവദത്ത് സഞ്ചരിച്ചിരുന്ന കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോളേജിലേക്ക് കൊണ്ടുപോയ ബാഗും മൊബൈൽ ഫോണും കാറിനുള്ളിലുണ്ടായിരുന്നു.
തിങ്കളാഴ്ച പാലത്തിൽനിന്ന് കടലിലേക്ക് ചാടിയെന്നതിന് വ്യക്തമായ തെളിവില്ലാത്തതിനാൽ വ്യാപകമായ തിരച്ചിൽ നടന്നിരുന്നില്ല. ചൊവ്വാഴ്ച അഗ്നിരക്ഷാസേനയുടെ സ്കൂബാ സംഘം ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്.
ശ്രീകുമാറിന്റെയും നൂറനാട് സി.ബി.എം. ഹൈസ്കൂൾ അധ്യാപിക ബിന്ദുവിന്റെയും മകനാണ് ദേവദത്ത്. ദേവന ഏക സഹോദരിയാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
പരീക്ഷ എഴുതാൻ വീട്ടിൽനിന്നിറങ്ങിയ 19കാരൻ മടങ്ങിയെത്തിയത് ചേതനയറ്റ ശരീരമായി ; കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം അഴീക്കൽ കടലിൽ കണ്ടെത്തി !
Advertisement
Advertisement
Advertisement