breaking news New

ശബരിമല തീർത്ഥാടകർക്ക് സമഗ്ര സുരക്ഷയൊരുക്കാൻ വടശ്ശേരിക്കരയിൽ താൽക്കാലിക പോലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു ; ഉദ്ഘാടനം റാന്നി എം.എൽ.എ അഡ്വ. പഴകുളം മധു നിർവഹിച്ചു

പത്തനംതിട്ട:
2026-27 മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് ശബരിമലയിലേക്ക് വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തുന്ന തീർത്ഥാടകർക്ക് സമഗ്ര സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനഗതാഗതം നിയന്ത്രിച്ച് തിരക്ക് ഒഴിവാക്കുന്നതിനുമായി വടശ്ശേരിക്കരയിൽ താൽക്കാലിക പോലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു.

സ്റ്റേഷന്റെ ഉദ്ഘാടനം റാന്നി എം.എൽ.എ അഡ്വ. പഴകുളം മധു നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ് അധ്യക്ഷത വഹിച്ചു.

തീർത്ഥാടനകാലത്ത് ശബരിമലയിലേക്കുള്ള പ്രധാന പാതകളിലൊന്നായ വടശ്ശേരിക്കരയിൽ എത്തുന്ന തീർത്ഥാടകർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനുള്ള പോലീസിന്റെ പ്രത്യേക ക്രമീകരണങ്ങളുടെ ഭാഗമായാണ് താൽക്കാലിക സ്റ്റേഷൻ ആരംഭിച്ചിരിക്കുന്നത്. വടശ്ശേരിക്കര താൽക്കാലിക പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായി സബ് ഇൻസ്പെക്ടർ അജി സാമുവലിനെ നിയമിച്ചു.

ഉദ്ഘാടന പ്രസംഗത്തിൽ, വർഷങ്ങളായി ശബരിമല തീർത്ഥാടനകാലത്ത് മാത്രം പ്രവർത്തിച്ചുവരുന്ന വടശ്ശേരിക്കര താൽക്കാലിക പോലീസ് സ്റ്റേഷനെ സ്ഥിരം പോലീസ് സ്റ്റേഷനാക്കി മാറ്റുന്നതിനായി ഈ മണ്ഡലകാലം അവസാനിക്കുന്നതിന് മുമ്പുതന്നെ പരമാവധി ശ്രമങ്ങൾ നടത്തുമെന്ന് എം.എൽ.എ അഡ്വ. പഴകുളം മധു പറഞ്ഞു. പ്രദേശത്തിന്റെ പ്രാധാന്യവും ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇവിടെ അനുഭവപ്പെടുന്ന തിരക്കും കണക്കിലെടുത്ത് സ്ഥിരം പോലീസ് സ്റ്റേഷൻ അനുവദിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

തീർത്ഥാടകരുടെയും അവർ സഞ്ചരിക്കുന്ന വാഹനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഗതാഗതക്കുരുക്ക് ഒഴിവാക്കുക, വാഹനങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുക, തിരക്ക് നിയന്ത്രിക്കുക, അപകടസാധ്യതകൾ കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളിൽ പോലീസ് പ്രത്യേക ശ്രദ്ധ ചെലുത്തും. തീർത്ഥാടന പാതകളിലും പരിസരങ്ങളിലും ആവശ്യമായ പോലീസ് സാന്നിധ്യം ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടുന്നതിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കുളിക്കടവുകളിലും മറ്റ് അപകടസാധ്യതയുള്ള സ്ഥലങ്ങളിലും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പോലീസ് പ്രത്യേക ജാഗ്രത പുലർത്തും. തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ഏത് അടിയന്തര സാഹചര്യത്തിലും ഇടപെടുന്നതിനും തീർത്ഥാടകർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനും പോലീസ് സദാ സജ്ജമായിരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ് അറിയിച്ചു.

ശബരിമല തീർത്ഥാടനത്തിന് എത്തുന്ന ഓരോ ഭക്തനും സുരക്ഷിതമായി ദർശനം നടത്തി മടങ്ങാൻ കഴിയുന്ന സാഹചര്യം ഒരുക്കുകയാണ് പോലീസിന്റെ ലക്ഷ്യം. തീർത്ഥാടകരുടെ യാത്ര സുരക്ഷിതവും സുഗമവുമാക്കുന്നതിന് ആവശ്യമായ എല്ലാ സുരക്ഷാ-ഗതാഗത ക്രമീകരണങ്ങളും ഉറപ്പാക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

ചടങ്ങിൽ റാന്നി ഡിവൈഎസ്പി സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ജൂലി സാബു, വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ കേശവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്ന സുസൻ ജേക്കബ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കോമളം അനിരുദ്ധൻ, പെരുനാട് സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.


Image
Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4