breaking news New

നിയമലംഘകർക്കെതിരെ കർശന നടപടി: പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ജില്ലയിലാകെ മിന്നൽ പരിശോധന : 806 വാഹനങ്ങൾ പരിശോധിച്ചു ; മദ്യപിച്ച് വാഹനമോടിച്ച 59 പേർ പിടിയിൽ !

പത്തനംതിട്ട:
സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും നിയമലംഘനങ്ങൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം ജില്ലയിലുടനീളം പോലീസ് മിന്നൽ പരിശോധന നടത്തി.

നവംബർ 21 ശനിയാഴ്ച വൈകിട്ടും 22 ഞായറാഴ്ച പുലർച്ചെയുമായി രണ്ട് ഘട്ടങ്ങളിലായി ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷൻ പരിധികളിലും നടത്തിയ പരിശോധനയിൽ വ്യാപകമായ നിയമലംഘനങ്ങൾ കണ്ടെത്തി കേസുകൾ രജിസ്റ്റർ ചെയ്തു.

പരിശോധനയുടെ ഭാഗമായി ആകെ 806 വാഹനങ്ങൾ പരിശോധിച്ചു. മദ്യപിച്ച് വാഹനമോടിച്ചതിന് 155 കേസുകളും എൻഡിപിഎസ് നിയമപ്രകാരം എട്ട് കേസുകളും രജിസ്റ്റർ ചെയ്തു.

മയക്കുമരുന്ന് കേസുകളിൽ എട്ടുപേരെ അറസ്റ്റ് ചെയ്തു. അബ്കാരി നിയമപ്രകാരം 25 കേസുകളും നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിൽപ്പനയുമായി ബന്ധപ്പെട്ട് 22 കോട്പ കേസുകളും പണംവച്ചുള്ള ചീട്ടുകളിയുമായി ബന്ധപ്പെട്ട് രണ്ട് ഗെയിമിംഗ് ആക്ട് കേസുകളും രജിസ്റ്റർ ചെയ്തു. മറ്റ് പ്രാദേശിക നിയമങ്ങൾ പ്രകാരം 15 കേസുകളും കണ്ടെത്തി.

ജില്ലയിൽ സംശയാസ്പദമായ 15 ലോഡ്ജുകൾ, 13 ഒളിത്താവളങ്ങൾ, 17 സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തി.

സാമൂഹ്യവിരുദ്ധരെന്ന് സംശയിക്കുന്ന 32 പേരെ പരിശോധിച്ചു. കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് പുറത്താക്കപ്പെട്ട നാലുപേരെ നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്തു. കൂടാതെ ഒരു എൽ.പി. വാറണ്ടും 11 ജാമ്യമില്ലാ വാറണ്ടുകളും നടപ്പാക്കി.

ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും, അനധികൃത മദ്യവിൽപ്പന, പണംവച്ചുള്ള ചീട്ടുകളി തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരും.

സാമൂഹ്യവിരുദ്ധർക്കും സ്ഥിരം കുറ്റവാളികൾക്കും നിയമലംഘകർക്കുമെതിരെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നിരീക്ഷണവും പരിശോധനയും കൂടുതൽ ശക്തമാക്കും.

പൊതുജനങ്ങളുടെ സുരക്ഷയും ജില്ലയുടെ ക്രമസമാധാനവും ഉറപ്പാക്കുന്നതിന് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ് അറിയിച്ചു.


Image
Image
Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4