മലപ്പുറം: സൗന്ദര്യം വർധിപ്പിക്കാമെന്ന പ്രതീക്ഷയിൽ ഉപയോഗിച്ച ഫെയർനെസ് ക്രീം ഒടുവിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായെന്ന് വെളിപ്പെടുത്തി പ്രമുഖ ഗായകൻ സലീം കോടത്തൂർ. വിവാദ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്കും മെംബ്രനസ് നെഫ്രോപതി (Membranous Nephropathy) എന്ന ഗുരുതര വൃക്കരോഗം ബാധിച്ചതായാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
മലപ്പുറത്ത് 17കാരിക്ക് സമാനമായ ക്രീം ഉപയോഗിച്ചതിനെ തുടർന്ന് രോഗം സ്ഥിരീകരിച്ച സംഭവത്തിന് പിന്നാലെയാണ് സലീം കോടത്തൂരും തന്റെ അനുഭവം പങ്കുവെച്ചത്. താൻ ഉപയോഗിച്ചിരുന്ന അതേ ക്രീം ഇപ്പോൾ പല പേരുകളിലായി വിപണിയിൽ ലഭിക്കുന്നുണ്ടെന്നും യുഎഇ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലും ഇത് വിൽക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
യൂറിനറി ഇൻഫെക്ഷൻ, കാലുകളിലും കണ്ണുകളിലും നീർവീക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. മാസങ്ങളോളം ചികിത്സയും പരിശോധനകളും നടത്തിയിട്ടും രോഗകാരണം കണ്ടെത്താനായില്ല. ശരീരത്തിന്റെ പ്രതിരോധശേഷി ഗണ്യമായി കുറഞ്ഞ സാഹചര്യവുമുണ്ടായി.
കാസർഗോഡുള്ള സുഹൃത്ത് സമാനമായ ക്രീം ഉപയോഗിക്കുന്ന വിവരം ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് നിർണായകമായ സൂചന ലഭിച്ചത്. ക്രീമിൽ മെർക്കുറിയുടെ അളവ് കൂടുതലാണെന്ന സംശയമാണ് പിന്നീട് തന്റെ രോഗാവസ്ഥ കണ്ടെത്തുന്നതിലേക്ക് നയിച്ചതെന്ന് സലീം കോടത്തൂർ പറഞ്ഞു.
ശരീരത്തിൽനിന്ന് പ്രോട്ടീൻ മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയാണ് മെംബ്രനസ് നെഫ്രോപതി. ഏകദേശം നാല് വർഷത്തോളം ക്രീം ഉപയോഗിച്ചതിന് ശേഷമാണ് സുഹൃത്തിനും രോഗം കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രീം ഉപയോഗിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മുഖത്ത് മാറ്റം കണ്ടെങ്കിലും പിന്നീട് മുഖം പഴയതിനേക്കാൾ കരുവാളിച്ചു. ഒന്നര ബോട്ടിൽ ക്രീം രണ്ടര മാസത്തോളം ഉപയോഗിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതോടെ മാസങ്ങളോളം പരിപാടികൾ മാറ്റിവെക്കേണ്ടിവന്നു.
രോഗം തിരിച്ചറിയാൻ കഴിയാതെ മാസങ്ങളോളം നീണ്ട പരിശോധനകളും ചികിത്സകളും നേരിടേണ്ടിവന്നു. ഇപ്പോഴും ഉറക്കം പഴയ നിലയിലായിട്ടില്ല. പല ഭക്ഷണസാധനങ്ങളും ഒഴിവാക്കേണ്ടിവന്നതായും സലീം കോടത്തൂർ വെളിപ്പെടുത്തി.
സൗന്ദര്യം വർധിപ്പിക്കാമെന്ന വാഗ്ദാനവുമായി വിപണിയിലെത്തുന്ന ക്രീമുകളുടെ സുരക്ഷിതത്വം സംബന്ധിച്ച് ഗുരുതര ചോദ്യങ്ങളാണ് ഈ വെളിപ്പെടുത്തൽ ഉയർത്തുന്നത്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
വിവാദ ഫെയർനെസ് ക്രീം ഉപയോഗം ; 17കാരിക്ക് പിന്നാലെ ഗുരുതര വൃക്കരോഗമെന്ന് ഗായകൻ സലീം കോടത്തൂരും ! മെർക്കുറി സാന്നിധ്യം തിരിച്ചറിഞ്ഞത് മാസങ്ങൾ നീണ്ട പരിശോധനകൾക്കൊടുവിൽ
Advertisement
Advertisement
Advertisement