തിരുവല്ല: ലാളിത്യം, എളിമ, സാഹോദര്യം, ക്ഷമ, അക്രമരാഹിത്യം തുടങ്ങിയ ക്രിസ്തീയ മൂല്യങ്ങളിൽ അധിഷ്ഠിതമായ ആശ്രമ ദർശനങ്ങൾ ജീവിതത്തിൽ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.
കാലിക സമൂഹം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും ലോകസമാധാനം നിലനിർത്താനും ഇത്തരം ദർശനങ്ങൾ പ്രാവർത്തികമാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വൈഎംസിയിൽ സംഘടിപ്പിച്ച 'ആശ്രമ ദർശനങ്ങളുടെ കാലിക പ്രസക്തി' എന്ന വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിച്ചു. ആശ്രമ ദർശനങ്ങളെ പ്രായോഗിക ജീവിതത്തിലൂടെ സാമൂഹിക നന്മയ്ക്കായി പ്രയോജനപ്പെടുത്തിയ വ്യക്തിത്വമായിരുന്നു റവ. കെ.കെ. ചാണ്ടിയെന്ന് അദ്ദേഹം അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി പ്രസിദ്ധീകരിക്കുന്ന 'ആശ്രമ ദർശനങ്ങളുടെ പ്രവാചകൻ' എന്ന ഗ്രന്ഥം പുതുതലമുറയ്ക്ക് പുതിയ ദിശാബോധം നൽകുമെന്നും ബിഷപ്പ് പറഞ്ഞു.
ചടങ്ങിൽ മുൻ എംഎൽഎ ജോസഫ് എം. പുതുശ്ശേരി, കെ.സി.സി ജനറൽ സെക്രട്ടറി പ്രകാശ് പി. തോമസ്, ഡോ. സൈമൺ ജോൺ, ബീന ചാണ്ടി, രാജൻ മാത്യു എന്നിവർ പ്രസംഗിച്ചു.
റവ. ഉമ്മൻ വർക്കി കെ.കെ. ചാണ്ടിയുടെ ജീവചരിത്ര ഗ്രന്ഥം പരിചയപ്പെടുത്തി. അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത, രാജൻ മാത്യു രചിച്ച റവ. കെ.കെ. ചാണ്ടി അനുസ്മരണ സമാഹാരമായ 'ആശ്രമ ദർശനങ്ങളുടെ പ്രവാചകൻ' പ്രകാശനം ചെയ്തു. ബീന ചാണ്ടി ആദ്യപ്രതി ഏറ്റുവാങ്ങി.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in