നെടുമങ്ങാട്: ചികിത്സയ്‌ക്കെത്തിയ പിജി വനിതാ ഡോക്ടറെ സ്വകാര്യ പ്രാക്ടീസ് മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സീനിയർ ഡോക്ടർ അറസ്റ്റിൽ.
ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. ബിനുവിനെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിന് പിന്നാലെ ഡോക്ടറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലെ ഒപിയിൽ എത്തിയ വനിതാ ഡോക്ടറോട് ശരീരത്തിലുണ്ടായിരുന്ന അസാധാരണ മുഴ പരിശോധിക്കാനെന്ന പേരിൽ ആശുപത്രിക്ക് സമീപത്തെ സ്വകാര്യ പ്രാക്ടീസ് മുറിയിലെത്താൻ ആവശ്യപ്പെട്ടെന്നാണ് പരാതി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മുറിയിലെത്തിയ യുവതിയോട് പരിശോധനയ്ക്കിടെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് ആരോപണം.
മുറിയിൽനിന്ന് രക്ഷപ്പെട്ട വനിതാ ഡോക്ടർ ഉടൻ ആശുപത്രിയിലെത്തി സൂപ്രണ്ടിന് പരാതി നൽകുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ ഡോ. ബിനു പൂർണമായും നിഷേധിച്ചു. ചികിത്സ തേടിയാണ് വനിതാ ഡോക്ടർ എത്തിയതെന്നും ഡോക്ടറെന്ന നിലയിലുള്ള സാധാരണ ദേഹപരിശോധന മാത്രമാണ് നടത്തിയതെന്നുമാണ് ഇയാളുടെ വിശദീകരണം.
വെള്ളിയാഴ്ച രാത്രി കുമാരപുരത്തുനിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
പരിശോധനയ്‌ക്കെന്ന പേരിൽ പിജി വനിതാ ഡോക്ടറോട് ലൈംഗികാതിക്രമ ശ്രമം ; നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സീനിയർ ഡോക്ടർ അറസ്റ്റിൽ : സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു
Advertisement
Advertisement
Advertisement