breaking news New

ബിഹാറിലെ ആർജെഡി നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ബൈദ്യനാഥ് മഹ്തോയെ വെടിവെച്ചുകൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ കൊല്ലത്തുനിന്ന് അറസ്റ്റ് ചെയ്തു !!

കൊല്ലം :
ബിഹാർ സ്വദേശിയായ മുഹമ്മദ് അജാജ് അഹമ്മദിനെയാണ് (32) കൊല്ലം ആണ്ടാമുക്കത്തുനിന്ന് കൊല്ലം സിറ്റി പൊലീസും ബിഹാർ പൊലീസും സംയുക്തമായി പിടികൂടിയത്.

ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കഴിഞ്ഞ സെപ്റ്റംബറിൽ ബിഹാറിലെ സീതാമർഹി ജില്ലയിലെ കേതരിയയിൽവച്ചാണ് ബൈദ്യനാഥ് മഹ്തോ വെടിയേറ്റ് മരിച്ചത്. മോട്ടോർ സൈക്കിളിലെത്തിയ അക്രമിസംഘമാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോർട്ട്.

സംഭവത്തിനുശേഷം കേരളത്തിലെത്തിയ അജാജ് കൊല്ലം ആണ്ടാമുക്കത്ത് കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കൊല്ലത്തെ വിവിധ കടകളിലും വീടുകളിലും ഡ്രൈവറായി ജോലി ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. അടുത്തിടെ ഒരു അഭിഭാഷകന്റെ വീട്ടിലും ഡ്രൈവറായി ജോലി ചെയ്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.

ബിഹാറിൽ നിരവധി ക്രിമിനൽ കേസുകളിൽ അജാജ് പ്രതിയാണെന്ന് അന്വേഷണസംഘം അറിയിച്ചു. രണ്ട് കൊലപാതകക്കേസുകളും കവർച്ചാക്കേസുകളും ഉൾപ്പെടെ ഇരുപതോളം കേസുകൾ ഇയാൾക്കെതിരെയുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

കസ്റ്റഡിയിലെടുത്ത അജാജിനെ ട്രാൻസിറ്റ് വാറന്റ് മുഖേന ബിഹാറിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു. ബൈദ്യനാഥ് മഹ്തോ കൊലപാതകവുമായി ബന്ധപ്പെട്ട തുടർനടപടികൾ ബിഹാർ പൊലീസിന്റെ നേതൃത്വത്തിൽ മുന്നോട്ടുപോകും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4