breaking news New

ആലുവ റെയില്‍വേ സ്റ്റേഷന് സമീപം വെച്ച് യുവാവിനെ കല്ലെറിഞ്ഞു വീഴ്ത്തി ക്രൂരമായി മര്‍ദിച്ച് സ്വര്‍ണമാലയും പണവും കവര്‍ന്ന കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു

സ്ഥിരം കുറ്റവാളിയായ മഞ്ഞപ്പെട്ടി സ്വദേശി സനല്‍ചന്ദ്രന്‍, തിരുവനന്തപുരം സ്വദേശി സജാദ് ഷാജഹാന്‍, നെടുമ്പാശ്ശേരി സ്വദേശി ജോബി എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ പെരുമ്പാവൂര്‍ കോടനാട് സ്വദേശിയായ ജോഫിന്‍ ജിജുവിനാണ് ഗുരുതരമായി പരിക്കേറ്റത്. നാല് വാരിയെല്ലുകള്‍ക്കും കൈകള്‍ക്കും പൊട്ടലേറ്റ ജോഫിന്‍ നിലവില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3.30- ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോടേക്ക് പോകാനായി റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു പോകുകയായിരുന്ന ജോഫിനെ പ്രതികള്‍ കല്ലെറിഞ്ഞ് വീഴ്ത്തുകയും തുടര്‍ന്ന് കെട്ടിയിടുകയുമായിരുന്നു. കയര്‍ അഴിച്ച് കുതറിമാറാന്‍ ശ്രമിച്ച ജോഫിന്റെ മാല പൊട്ടിച്ചെടുക്കുകയും, രക്ഷപ്പെടാനായി ഓടിയപ്പോള്‍ തടഞ്ഞുനിര്‍ത്തി വീണ്ടും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. പണവും മാലയും കവര്‍ന്ന ശേഷം പ്രതികള്‍ ഇരുട്ടിന്റെ മറവില്‍ ഓടി രക്ഷപ്പെട്ടു.

എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ. എസ്. സുദര്‍ശന്റെ നിര്‍ദേശപ്രകാരം ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ മൂന്ന് അന്വേഷണ സംഘ രൂപീകരണത്തിലൂടെയാണ് പ്രതികളെ വലയിലാക്കിയത്.

ആലുവ റെയില്‍വേ സ്റ്റേഷന്റെ പിന്‍വശം സാമൂഹ്യവിരുദ്ധരുടെ സ്ഥിരം താവളമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രദേശത്ത് തുടര്‍ച്ചയായുണ്ടാകുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പട്രോളിങ് ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4