breaking news New

ആകാശയാത്രയിൽ പുതിയ ചരിത്രം ; ചൈനയുടെ ആദ്യ ഇലക്ട്രിക് യാത്രാവിമാനം മനുഷ്യരുമായി പറന്നു : 19 പേർക്ക് യാത്ര ചെയ്യാം !

ബെയ്ജിംഗ്: വ്യോമയാന സാങ്കേതികവിദ്യയിൽ പുതിയ ചരിത്രനേട്ടവുമായി ചൈന. രാജ്യത്ത് വികസിപ്പിച്ച ആദ്യ ഇലക്ട്രിക് യാത്രാവിമാനം മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. സർക്കാർ ഉടമസ്ഥതയിലുള്ള വിമാന നിർമാണ കമ്പനിയായ കൊമാക് (COMAC) വികസിപ്പിച്ചെടുത്ത വിമാനത്തിന്റെ പരീക്ഷണവിജയം ചൈനീസ് വ്യോമയാന മേഖലയിലെ നിർണായക ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്.

കിഴക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലുള്ള ബിൻഷൗവിലായിരുന്നു പരീക്ഷണ പറക്കൽ. രണ്ട് പൈലറ്റുമാരും ഒരു എൻജിനീയറും ഉൾപ്പെടെ മൂന്നുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. 16 മിനിറ്റും 38 സെക്കൻഡും നീണ്ടുനിന്ന പരീക്ഷണത്തിൽ ഏകദേശം 60 കിലോമീറ്റർ ദൂരം വിമാനം വിജയകരമായി സഞ്ചരിച്ചു. ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളായ CCTV ന്യൂസും ഷിൻഹുവ വാർത്താ ഏജൻസിയുമാണ് വിവരം പുറത്തുവിട്ടത്.

19 യാത്രക്കാരെ വഹിക്കാൻ ശേഷി

ഹ്രസ്വദൂര നഗരാന്തര യാത്രകൾ ലക്ഷ്യമിട്ട് വികസിപ്പിച്ച 'CE25A' മോഡൽ പൂർണമായും ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. 19 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള വിമാനത്തിന് 10 ടൺ പരമാവധി ടേക്ക് ഓഫ് ഭാരമുണ്ട്. മണിക്കൂറിൽ 300 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും 2,400 മീറ്റർ ഉയരത്തിൽ പറക്കാനും ശേഷിയുണ്ടെന്നാണ് റിപ്പോർട്ട്.

പരീക്ഷണ പറക്കൽ വിജയകരമായിരുന്നുവെന്നും വിമാനത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായിരുന്നുവെന്നും കൊമാക് അറിയിച്ചു. ചൈനീസ് ബാറ്ററി നിർമാണ കമ്പനിയായ CATL, ഷാങ്ഹായ് ജിയാവോ ടോങ് സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി വികസിപ്പിച്ചത്.

വാണിജ്യ സർവീസിലേക്ക് കണ്ണുനട്ട് ചൈന

പരീക്ഷണ പറക്കലിന് മുമ്പ് സ്വയംഭരണ രീതിയിലും ആളില്ലാതെയും നിരവധി പരീക്ഷണങ്ങൾ വിമാനം വിജയകരമായി പൂർത്തിയാക്കിയിരുന്നു. വാണിജ്യ സർവീസുകൾ ആരംഭിക്കുന്നതിനായി ചൈനയിലെ സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ ടൈപ്പ് സർട്ടിഫിക്കേഷൻ നേടാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും പരമ്പരാഗത ഇന്ധനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഇലക്ട്രിക് വിമാനങ്ങൾക്ക് വലിയ സാധ്യതകളുണ്ടെന്നാണ് വ്യോമയാന മേഖലയിലെ വിലയിരുത്തൽ. പരീക്ഷണഘട്ടത്തിൽ നിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള യാത്രയിലേക്ക് ഈ സാങ്കേതികവിദ്യ എത്തിക്കാൻ കഴിഞ്ഞാൽ ആഗോള വ്യോമയാന രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങും.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4