കോഴിക്കോട്: വിവാഹാഘോഷത്തിന് പടക്കം പൊട്ടിക്കലും ബാൻഡ് മേളവും വേണ്ടെന്ന് നാട്ടുകാരുടെ അഭ്യർഥന. എന്നാൽ ഇത് അവഗണിച്ച് ആഘോഷം തുടർന്നതോടെ വിവാഹവീട്ടിൽ കൂട്ടത്തല്ല്. നാദാപുരം വരിക്കോളിയിൽ വധുവിന്റെ വീടിന് സമീപമാണ് നാട്ടുകാരും വരന്റെ സുഹൃത്തുക്കളും ബന്ധുക്കളും തമ്മിൽ സംഘർഷമുണ്ടായത്.
ഇന്നലെ വൈകീട്ട് വരനൊപ്പം വധുവിന്റെ വീട്ടിലെത്തിയ സുഹൃത്തുക്കളും ബന്ധുക്കളും പടക്കം പൊട്ടിച്ച് ആഘോഷം തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. വിവാഹവീടിന് സമീപം ഒരു മരണം നടന്ന വീടുള്ളതിനാൽ ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് മഹല്ല് കമ്മിറ്റിയും നാട്ടുകാരും നേരത്തെ തന്നെ വരന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഈ നിർദേശം അവഗണിച്ച് പടക്കം പൊട്ടിക്കലും ബാൻഡ് മേളവും തുടർന്നതോടെ നാട്ടുകാർ ഇടപെട്ടു. ബാൻഡ് മേളം നിർത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും വരന്റെ സുഹൃത്തുക്കൾ തയ്യാറായില്ല. ഇതോടെ വാക്കേറ്റം രൂക്ഷമാവുകയും ഇരുവിഭാഗങ്ങളും തമ്മിൽ കൂട്ടത്തല്ലിലേക്ക് നീങ്ങുകയുമായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. പിന്നീട് വരന്റെ നാട്ടിലെ മഹല്ല് കമ്മിറ്റി ഭാരവാഹികൾ എത്തിയ ശേഷമാണ് വരന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വധുവിന്റെ വീട്ടിലേക്ക് പ്രവേശിപ്പിച്ചത്.
അതേസമയം, നാദാപുരത്തിന് സമീപം ആയഞ്ചേരിയിലും കഴിഞ്ഞ ദിവസം വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലി സംഘർഷമുണ്ടായിരുന്നു. സംഭവത്തിൽ വധുവിന്റെ അമ്മയുൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു. വിവാഹാഘോഷങ്ങൾ തുടർച്ചയായി സംഘർഷത്തിലേക്ക് വഴിമാറുന്നത് പ്രദേശത്ത് ആശങ്കയുണ്ടാക്കുകയാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
മരണവീട് തൊട്ടടുത്ത് ; പടക്കവും ബാൻഡ് മേളവും വേണ്ടെന്ന് നാട്ടുകാർ ; വഴങ്ങാതെ വരന്റെ സംഘം ; നാദാപുരത്ത് വിവാഹവീട്ടിൽ കൂട്ടത്തല്ല്!
Advertisement
Advertisement
Advertisement