വയനാട് :
വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പല്‍ മദ്യപിച്ചെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങള്‍.
ആരോപണവിധേയനായ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്റെ രക്തപരിശോധനാഫലം നെഗറ്റീവാണ്. അദ്ദേഹത്തിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന് ലാബ് അധികൃതര്‍ സ്ഥിരീകരിച്ചു. പ്രിന്‍സിപ്പലിന്റെ രക്തപരിശോധന ഫലം നെഗറ്റീവായതും, കൂടുതല്‍ പരിശോധനകളിലേക്ക് കടന്നതുമാണ് നിലവില്‍ കേസില്‍ വലിയ വഴിത്തിരിവായിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് മീനങ്ങാടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് 133 വിദ്യാര്‍ഥികളുമായി മൂന്ന് ബസുകളില്‍ ഹൈദരാബാദിലേക്ക് വിനോദയാത്ര പോയത്. യാത്ര കഴിഞ്ഞ് ബുധനാഴ്ച മടങ്ങുന്നതിനിടെ സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് ഹാജിസ് ഉള്ളാടന്‍ മദ്യപിച്ച് വിദ്യാര്‍ഥികള്‍ യാത്ര ചെയ്തിരുന്ന ബസില്‍ കയറിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. മദ്യലഹരിയിലിരിക്കുന്ന പി.ടി.എ. പ്രസിഡന്റിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി വിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍ക്ക് അയച്ചു കൊടുത്തു. ഇതോടെയാണ് യാത്രാസംഘം നാട്ടിലെത്തുന്നതിന് മുന്‍പ് തന്നെ വിഷയം വന്‍ വിവാദമായി മാറിയത്.
പി.ടി.എ. പ്രസിഡന്റ് മദ്യപിച്ച വിവരം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഇടപട്ട് ഹാജിസിനെ വഴിയില്‍ ഇറക്കിവിടുകയും, ട്രാവല്‍ ഏജന്‍സിയുടെ മറ്റൊരു വാഹനത്തില്‍ ഇയാളെ നാട്ടിലേക്ക് മടക്കിയയക്കുകയും ചെയ്തു. എന്നാല്‍, കുട്ടികളയച്ച ദൃശ്യങ്ങള്‍ കണ്ട് പരിഭ്രാന്തരായ രക്ഷിതാക്കള്‍ യാത്രാസംഘം തിരിച്ചെത്തുന്നതിനു മുന്‍പേ സ്‌കൂളിലെത്തി തടിച്ചുകൂടുകയായിരുന്നു. പി.ടി.എ. പ്രസിഡന്റിനെതിരേ പരാതി ഉന്നയിച്ച സമയത്ത് പ്രിന്‍സിപ്പല്‍ കുട്ടികളുടെ ആശങ്കകള്‍ കേള്‍ക്കാനോ പ്രശ്നം പരിഹരിക്കാനോ ശ്രമിച്ചില്ലെന്നും അതിനാല്‍ പ്രിന്‍സിപ്പലും മദ്യപിച്ചിട്ടുണ്ടെന്ന ആരോപണം ഉയരുകയായിരുന്നു.
വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് സ്‌കൂളിന് മുന്നില്‍ തടയുകയും സ്ഥലത്ത് വലിയ സംഘര്‍ഷ അന്തരീക്ഷം ഉടലെടുക്കുകയും ചെയ്തു. പ്രിന്‍സിപ്പലിനെ കൈയേറ്റം ചെയ്യാന്‍ ചിലര്‍ മുതിര്‍ന്നതോടെ പോലീസെത്തി അദ്ദേഹത്തെ സുരക്ഷിതമായൊരിടത്തേക്ക് മാറ്റി. രക്തപരിശോധന നടത്തിയ ശേഷം മാത്രമേ പ്രിന്‍സിപ്പലിനെ സ്‌കൂളിലേക്ക് പ്രവേശിപ്പിക്കൂ എന്ന ഉറച്ച നിലപാടിലായിരുന്നു രക്ഷിതാക്കള്‍. തുടര്‍ന്ന് പോലീസ് വാഹനത്തിലാണ് പ്രിന്‍സിപ്പലിനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയത്.
ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ രക്തപരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും യൂറിന്‍ ടെസ്റ്റിന് (മൂത്രപരിശോധന) വിധേയനാകാന്‍ ഇദ്ദേഹം തയ്യാറായില്ലെന്ന് ആരോപണമുയര്‍ന്നു. പ്രിന്‍സിപ്പല്‍ യൂറിന്‍ ടെസ്റ്റിന് വിസമ്മതിച്ചതോടെ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം കൂടുതല്‍ ശക്തമായി. താന്‍ മദ്യപിച്ചിട്ടില്ലെന്നും കുട്ടികള്‍ തനിക്കെതിരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നുമുള്ള നിലപാടില്‍ പ്രിന്‍സിപ്പല്‍ തുടക്കം മുതലേ ഉറച്ചുനില്‍ക്കുകയായിരുന്നു.
വിഷയം കനത്ത രാഷ്ട്രീയ-പൊതുജന പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചതോടെ ഹയര്‍സെക്കന്ററി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിഷയത്തില്‍ ഇടപെട്ടു. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുന്നതിനായി ഹയര്‍സെക്കന്ററി ജില്ലാ കോഡിനേറ്റര്‍ ഡോ. പി.എ. ജലീലിനെ ചുമതലപ്പെടുത്തി. വിഷയത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡോ. പി.എ. ജലീല്‍ വ്യക്തമാക്കി. ഹയര്‍സെക്കന്ററി മുന്‍ ജില്ലാ കോഡിനേറ്റര്‍ കൂടിയാണ് ആരോപണവിധേയനായ ഷിവി കൃഷ്ണന്‍.
അതിനിടെ സംഭവത്തില്‍ യു.ഡി.എഫ്. പ്രവര്‍ത്തകരും കെ.എസ്.യുവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പി.ടി.എ. പ്രസിഡന്റിനെ പുറത്താക്കണമെന്നും പ്രിന്‍സിപ്പലിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചില രാഷ്ട്രീയ വിരോധങ്ങളുടെ ഭാഗമാണെന്ന സൂചനകളാണ് പ്രിന്‍സിപ്പലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കിയത്.
എന്നാല്‍ പ്രിന്‍സിപ്പലിന്റെ രക്തപരിശോധനാ ഫലം നെഗറ്റീവാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രക്ഷിതാക്കള്‍. സംഭവം നടന്ന് 12 മണിക്കൂറിന് ശേഷമാണ് പ്രിന്‍സിപ്പലിന്റെ രക്തസാമ്പിള്‍ ശേഖരിച്ചതെന്നാണ് രക്ഷിതാക്കളുടെ പ്രധാന ആരോപണം. ഇത്രയും മണിക്കൂറുകള്‍ വൈകി സാമ്പിള്‍ എടുത്തതാണ് രക്തപരിശോധനാ ഫലം നെഗറ്റീവാകാന്‍ കാരണമെന്ന സംശയവും, മൂത്രപരിശോധന നടത്താന്‍ പ്രിന്‍സിപ്പല്‍ തയാറാകാത്തതും രക്ഷിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
സംഭവം വന്‍ വിവാദമായി പടരുമ്പോഴാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി വിദ്യാര്‍ഥികള്‍ നേരിട്ടെത്തിയത്. വിനോദയാത്രക്കിടെ പ്രിന്‍സിപ്പല്‍ മദ്യപിച്ചു എന്ന രീതിയില്‍ ഉയര്‍ന്നുവന്ന ആരോപണം പൂര്‍ണമായും തെറ്റാണെന്നും തങ്ങളാരും പ്രിന്‍സിപ്പലിനെതിരെ പരാതിപ്പെട്ടിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. ചിലര്‍ പ്രിന്‍സിപ്പലിന് നേരെ രാഷ്ട്രീയ വിരോധം തീര്‍ത്തതാണെന്നും യാത്രയില്‍ മദ്യപിച്ചത് പിടിഎ പ്രസിഡന്റ് മാത്രമാണെന്നും വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചിലര്‍ ദുരുദ്ദേശ്യത്തോടെ പ്രിന്‍സിപ്പലിനെതിരെ തെറ്റായ പ്രചാരണം നടത്തുകയാണ്. എപ്പോഴും, എന്ത് കാര്യത്തിനായും ഞങ്ങളുടെ സ്‌കൂളിനും കുട്ടികള്‍ക്കും വേണ്ടി നില്‍ക്കുന്ന അധ്യാപകനാണ് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്‍. അദ്ദേഹത്തെ ഞങ്ങള്‍ക്ക് തിരികെ വേണം.' വിദ്യാര്‍ഥികള്‍ പറയുന്നു.
വയനാട് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ വിനോദയാത്രയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ഗുരുതരമായ ആരോപണങ്ങളില്‍ വന്‍ വഴിത്തിരിവ്
Advertisement
Advertisement
Advertisement