പേരാമ്പ്ര: ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് വീട് ജപ്തി ചെയ്യാൻ ബാങ്ക് ഉദ്യോഗസ്ഥരും കോടതി ജീവനക്കാരും എത്തുമെന്ന് അറിഞ്ഞ വീട്ടമ്മ ജീവനൊടുക്കി. പേരാമ്പ്ര കൂത്താളി കേളൻമുക്ക് കുഞ്ഞോത്ത് കൂയോടൻകണ്ടി ബാബുവിന്റെ ഭാര്യ കവിത (42) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
അഞ്ചുവർഷം മുമ്പ് വീട് നിർമാണത്തിനായി കവിതയും ഭർത്താവും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ ശാഖയിൽ നിന്ന് 25 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ആദ്യഘട്ടത്തിൽ കൃത്യമായി തിരിച്ചടവ് നടത്തിയെങ്കിലും പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം തിരിച്ചടവ് മുടങ്ങി. ഇതോടെ പലിശയും പിഴപ്പലിശയും ഉൾപ്പെടെ കുടിശ്ശിക 50 ലക്ഷം രൂപയായി ഉയർന്നതായാണ് റിപ്പോർട്ട്.
തുടർന്ന് ബാങ്കുമായി നടത്തിയ ചർച്ചയിൽ 15 ലക്ഷം രൂപ കുറച്ച് തിരിച്ചടയ്ക്കേണ്ട തുക 35 ലക്ഷമായി നിജപ്പെടുത്തിയിരുന്നു. എന്നാൽ ഈ തുകയും കണ്ടെത്താൻ കഴിയാതെ വന്നതോടെ ബാങ്ക് നിയമനടപടികളിലേക്ക് കടക്കുകയായിരുന്നു.
രണ്ട് ദിവസം മുമ്പ് കോടതിയുടെ അനുമതിയോടെ വീട് ജപ്തി ചെയ്യുന്നതിനുള്ള നോട്ടീസ് ബാങ്ക് അധികൃതർ നൽകിയിരുന്നു. വെള്ളിയാഴ്ച രാവിലെ പോലീസ്, ബാങ്ക് ഉദ്യോഗസ്ഥർ, കോടതി ജീവനക്കാർ എന്നിവർ ജപ്തി നടപടികൾക്കായി എത്തുമെന്ന വിവരവും കുടുംബത്തിന് ലഭിച്ചിരുന്നു.
ഉച്ചയോടെ അഡ്വക്കറ്റ് കമ്മിഷനും ബാങ്ക് ഉദ്യോഗസ്ഥരും പോലീസും വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പുതിയ വീടിനോട് ചേർന്നുള്ള പഴയ തറവാട്ടുവീട്ടിൽ കവിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബാങ്കിനെ സമീപിച്ച് തിരിച്ചടവിന് കൂടുതൽ സാവകാശം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. വടകരയിലെ പെയിന്റ് കടയിൽ ജീവനക്കാരനാണ് ഭർത്താവ് ബാബു. ദമ്പതികൾക്ക് വിദ്യാർഥിനികളായ രണ്ട് പെൺമക്കളുണ്ട്.
ബന്ധുക്കളുടെ പരാതിയിൽ പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
വീട് ജപ്തി ചെയ്യാനെത്തുമെന്ന് അറിഞ്ഞ വീട്ടമ്മ ജീവനൊടുക്കി ; 25 ലക്ഷം വായ്പ : പലിശയും പിഴപ്പലിശയും ചേർന്ന് 50 ലക്ഷമായെന്ന് റിപ്പോർട്ട് !
Advertisement
Advertisement
Advertisement