breaking news New

പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞു ; ദേഷ്യം മൂത്ത് കട തന്നെ തകർത്തു ! കൊല്ലത്ത് ഉപ്പില്ലാത്ത വടയ്ക്ക് ഉഗ്രൻ പ്രതികരണം !

കൊല്ലം :
തട്ടുകട അടിച്ചുതകർക്കുകയും ഉടമയെയും ജീവനക്കാരനെയും മർദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ യുവാക്കൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. കുണ്ടറയ്ക്ക് സമീപം പെരുമ്പുഴയിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്

പെരുമ്പുഴയിലെ ‘ടീ മേറ്റ്’ തട്ടുകടയിൽ ചായ കുടിക്കാനെത്തിയ കൊള്ളി നിയാസും സുഹൃത്ത് ജാക്സണുമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ചായയ്ക്കും പരിപ്പുവടയ്ക്കുമായി കടയിലെത്തിയ ഇരുവരും, പരിപ്പുവടയിൽ ഉപ്പ് കുറഞ്ഞെന്നാരോപിച്ച് ജീവനക്കാരനായ മോഹനനുമായി തർക്കത്തിലാവുകയായിരുന്നു.

തുടർന്ന് മോഹനനെ ക്രൂരമായി മർദിച്ച അക്രമികൾ, കടയിലുണ്ടായിരുന്ന തിളച്ച എണ്ണ ദേഹത്തേക്ക് ഒഴിക്കുകയും ചെയ്തു. അക്രമം തടയാനെത്തിയ നാട്ടുകാരെയും മറ്റുള്ളവരെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി. ബഹളം കേട്ട് സ്ഥലത്തെത്തിയ കടയുടമ നാസിമിനെ നിയാസ് കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. തുടർന്ന് കടയിലെ സാധനങ്ങളും ഉപകരണങ്ങളും അടിച്ചുതകർത്തു.

ഗുരുതരമായി പരിക്കേറ്റ മോഹനനെയും കടയുടമ നാസിമിനെയും നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആക്രമണത്തിൽ മോഹനന്റെ വാരിയെല്ലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. കൂടാതെ, തിളച്ച എണ്ണ ദേഹത്തേക്ക് ഒഴിച്ചതിനെത്തുടർന്ന് ശരീരമാകെ പൊള്ളലേറ്റു.

സംഭവത്തിൽ നാസിമിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിയാസും ജാക്സണും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നാണ് പൊലീസിൽനിന്ന് ലഭിക്കുന്ന വിവരം. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജിതമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4