breaking news New

വളവിലയും ഉയർന്നു : അസംസ്‌കൃത വസ്തുക്കൾക്കും ക്ഷാമം ; പത്തനംതിട്ടയിലെ കർഷകർ പ്രതിസന്ധിയിൽ

പത്തനംതിട്ട : കർഷകർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫാക്ടംഫോസ് ഉൾപ്പെടെയുള്ള വളങ്ങൾക്ക് വൻ വിലവർദ്ധനവാണ് ഉണ്ടായിരിയുന്നത്. വളം വില വർദ്ധിച്ചതോടെ കൃഷിച്ചെലവ് താങ്ങാനാകാതെ കർഷകർ ദുരിതത്തിലായി.

​പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെ തുടർന്ന് സൾഫർ, ഫോസ്‌ഫറിക് ആസിഡ് തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ ആഗോള വിപണിയിലെ വിലയിലുണ്ടായ വർദ്ധനവും ഇറക്കുമതിയിലെ കുറവുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഇതോടൊപ്പം പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവും ഉയർന്ന ഗതാഗതച്ചെലവും വളങ്ങളുടെ വിപണി വില വർദ്ധിക്കാൻ ഇടയാക്കി.

​ഫാക്ടംഫോസ് 1,475 രൂപയായിരുന്നത് 2,300 രൂപയായി ഉയർന്നു. സൾഫേറ്റ് 910 രൂപയിൽ നിന്ന് 1,400 രൂപയായി വർദ്ധിച്ചു.എൻ.പി.കെ (15:15:15) 1,100 രൂപയിൽ നിന്ന് 1,650 രൂപയിലേക്ക് ഉയർന്നപ്പോൾ മറ്റ് ചില കമ്പനികളുടെ വളങ്ങൾക്ക് 2,000 രൂപ കടന്നു. ​യൂറിയയുടെ വിലയിൽ വലിയ മാറ്റമില്ലാതെ തുടരുന്നത് മാത്രമാണ് നിലവിൽ കർഷകർക്ക് ഏക ആശ്വാസം.

​വില വർദ്ധിച്ചതോടെ വിപണിയിൽ വളം വാങ്ങാൻ ആളെത്താത്ത അവസ്ഥയാണെന്നും വിൽപ്പന പകുതിയായി കുറഞ്ഞതായും വളം ഡിപ്പോ ഉടമകളും ഡീലർമാരും പറഞ്ഞു. ചെലവ് ചുരുക്കുന്നതിനായി കർഷകർ വളപ്രയോഗം കുറയ്ക്കുന്നതും കൃഷിവിസ്തൃതി വെട്ടിച്ചുരുക്കുന്നതും ഭാവിയിൽ കാർഷികോത്പാദനത്തെയും വിളവിനെയും പ്രതികൂലമായി ബാധിക്കും.

​ഉത്പാദനച്ചെലവിനനുസരിച്ച് വിളകൾക്ക് ലാഭകരമായ വില ലഭിക്കാത്ത സാഹചര്യത്തിൽ വളങ്ങളുടെ കേന്ദ്ര സബ്സിഡി വർദ്ധിപ്പിക്കണമെന്നും അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി സുഗമമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നുമാണ് കർഷകരുടെ ആവശ്യം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4