തിരുവല്ല : പെരിങ്ങര പഞ്ചായത്തിലെ വേങ്ങൽ മുട്ടത്തുപടി ഭാഗത്താണ് പാടശേഖരങ്ങളിലും സമീപത്തെ തോടുകളിലും കക്കൂസ് മാലിന്യങ്ങൾ വ്യാപകമായി തള്ളുന്നത് ഒരു പതിവായി മാറിയിരിക്കുന്നത്.
പുലർച്ചെ ഒരുമണി മുതൽ നാല് മണി വരെയുള്ള സമയത്താണ് കക്കൂസ് മാലിന്യമായുള്ള വാഹനങ്ങൾ ഈ വഴി എത്തുന്നതും പാടശേഖരങ്ങളിൽ അടക്കം മാലിന്യം നിക്ഷേപിക്കുന്നതുമായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്.
നാട്ടുകാർ തടയാൻ ശ്രമിക്കുന്ന സമയങ്ങളിൽ വടിവാളുകൾ പോലുള്ള മാരകായുധങ്ങൾ കൊണ്ട് നാട്ടുകാർക്ക് നേരെ ചീറിപ്പാഞ്ഞ് അടുക്കുന്ന അക്രമി സംഘങ്ങളെയാണ് കാണുവാൻ കഴിയുന്നത് .
ജീവനിൽ ഭയന്ന് നാട്ടുകാർ പിന്മാറുന്നതോടെ വീണ്ടും ഈ സ്ഥലങ്ങളിൽ തന്നെ കക്കൂസ് മാലിന്യങ്ങൾ അടക്കമുള്ളവ നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്.
പ്രദേശവാസികളും വാർഡ് മെമ്പർമാരും നിരവധി തവണ പഞ്ചായത്തിലും പോലീസിലും പരാതികൾ നൽകിയിരുന്നെങ്കിലും ശാശ്വത പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സ്കൂൾ കുട്ടികൾ അടക്കം നൂറുകണക്കിന് ആളുകളാണ് ഈ വഴി കടന്നു പോകുന്നത്.
ഈ പ്രദേശങ്ങളിലെ കർഷകർക്കും സമീപവാസികൾക്കും പകർച്ചവ്യാധികൾ പതിവായി ഉണ്ടാക്കുന്നതായും ഈ പ്രദേശത്ത് ജനങ്ങളിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും കണ്ടു വരുന്നതായും വാർഡിലെ ആരോഗ്യ മന്ത്രാലത്തിലെ ജീവനക്കാർ സി മീഡിയ ന്യൂസിനോട് പറഞ്ഞു.
തിരുവല്ലയിൽ നിന്നും ഫയർ & റെസ്ക്യൂ ടീം എത്തിയാണ് റോഡിൽ നിന്നും മാലിന്യം നീക്കം ചെയ്ത് റോഡ് വൃത്തിയാക്കിയത്.
ഈ സാമൂഹിക വിരുദ്ധർക്കെതിരെ പോലിസ് പട്രോളിങ് വേങ്ങൽ ഭാഗത്ത് ശക്തമാക്കണമെന്നും പഞ്ചായത്ത് അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം വലിയ ജനകീയ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു.
റിപ്പോർട്ട് : രാഹുൽ തൃക്കൊടിത്താനം
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in