തിരുവനന്തപുരം: വാഹനപരിശോധനയ്ക്കിടെ പൊലീസിന് നേരെ ഥാർ ജീപ്പ് ഓടിച്ചുകയറ്റി ലഹരിസംഘത്തിന്റെ ആക്രമണം.
കഴക്കൂട്ടം ദേശീയപാതയിലുണ്ടായ സംഭവത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഡാൻസാഫ് സംഘത്തിലെ സിവിൽ പൊലീസ് ഓഫീസർ ദീപു രാജിന്റെ വലതുകൈ ഒടിഞ്ഞുതൂങ്ങിയ നിലയിലാണ്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി ഒരു സംഘം ഥാറിൽ സഞ്ചരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസിന്റെ പരിശോധന. വൈകിട്ട് നാലോടെ ദേശീയപാതയിൽ ബൈക്കുകളിലും ജീപ്പിലുമായി പരിശോധന നടത്തുകയായിരുന്ന ഡാൻസാഫ് സംഘത്തിന്റെ മുന്നിലേക്ക് സംശയാസ്പദമായ ഥാർ എത്തി.
വാഹനം തടയാൻ പൊലീസ് കൈകാണിച്ചെങ്കിലും നിർത്താൻ തയ്യാറാകാതെ സംഘം ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഡാൻസാഫ് സംഘത്തിന്റെ ബൈക്കിന് മുകളിലേക്ക് ഥാർ ഓടിച്ചുകയറ്റുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ നടത്തിയ നീക്കത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. തിരുവല്ലം സ്വദേശി അഭിഷേക്, വെട്ടുകാട് സ്വദേശി രതീഷ്, കാസർകോട് സ്വദേശി സ്വാലി എന്നിവരാണ് അറസ്റ്റിലായത്. വാഹനത്തിലുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
പിടിയിലായവർ ലഹരി ഉപയോഗിച്ചിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാഹനത്തിൽനിന്ന് ലഹരിവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. രക്ഷപ്പെട്ട പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
പൊലീസിനെ ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെടാൻ ശ്രമം ; കഴക്കൂട്ടത്ത് ലഹരിസംഘത്തിന്റെ ഥാർ ആക്രമണം : നാല് ഉദ്യോഗസ്ഥർക്ക് പരിക്ക് !!
Advertisement
Advertisement
Advertisement