മലപ്പുറം : പൂക്കോട്ടുംപാടത്താണ് സംഭവം. കരുവാരകുണ്ട് കേരള സ്വദേശിയായ മുൻ കണ്ടക്ടർ റമീസ്, കാരപ്പുറം പോത്തൻകോടൻ സ്വദേശിയായ മുൻ ഡ്രൈവർ സൽമാൻ എന്നിവരെയാണ് പൂക്കോട്ടുംപാടം പോലീസ് പിടികൂടിയത്. ബസ് മാനേജർ നിസാറിന്റെ പരാതിയിലാണ് നടപടി.
ജോലി സംബന്ധമായ വീഴ്ചകളെയും പോരായ്മകളെയും തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലാണ് ഇവരെ ഉടമ ജോലിയിൽനിന്ന് പിരിച്ചുവിട്ടത്. ഇതിലുള്ള കടുത്ത വിരോധമാണ് പ്രതികാരത്തിലേക്ക് നയിച്ചത്. കഴിഞ്ഞ മാസം 30-ന് രാത്രി പതിനൊന്നോടെ പൂക്കോട്ടുംപാടത്തെ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ബസിന്റെ എൻജിൻ ഭാഗം തുറന്ന് പ്രതികൾ ചേർന്ന് ഉപ്പുവാരിയിടുകയായിരുന്നു.
എൻജിനുള്ളിൽ ഉപ്പിട്ടാൽ രണ്ടോ മൂന്നോ ആഴ്ചകൾ കഴിഞ്ഞേ തകരാർ പുറത്തറിയൂ എന്നും, അതിനാൽ തങ്ങളിലേക്ക് സംശയം നീളില്ലെന്നുമായിരുന്നു പ്രതികൾ കരുതിയിരുന്നത്. എന്നാൽ പ്രതികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് തൊട്ടടുത്ത ദിവസം സർവീസ് നടത്തുന്നതിനിടെ ബസ് പണിമുടക്കി. സർവീസ് തുടങ്ങി 50 കിലോമീറ്റർ സഞ്ചരിച്ചപ്പോഴേക്കും എൻജിനിൽനിന്ന് വലിയ തോതിൽ പുകയുയരുകയും പ്രവർത്തനം പൂർണമായി നിലയ്ക്കുകയുമായിരുന്നു.
എൻജിൻ തകരാറിലായതോടെ ബസ് ഉടമയ്ക്ക് മൂന്ന് ലക്ഷത്തോളം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായി. സംഭവം പോലീസ് കേസായെന്ന് മനസ്സിലായതോടെ റമീസും സൽമാനും നാട്ടിൽനിന്ന് മുങ്ങുകയായിരുന്നു. തുടർന്ന് പെട്രോൾ പമ്പിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
ജോലിയിൽ നിന്ന് പുറത്താക്കിയതിന്റെ വൈരാഗ്യത്തിൽ സ്വകാര്യ ബസിന്റെ എൻജിനിൽ ഉപ്പുവാരിയിട്ട് വാഹനം തകരാറിലാക്കിയ സംഭവത്തിൽ മുൻ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ !!
Advertisement
Advertisement
Advertisement