breaking news New

സിപിഎമ്മിന്റെ കൊല്ലം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റെ അവസാന ദിവസവും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിനിധികൾ

കൊല്ലം :
പാർട്ടി വ്യക്തികേന്ദ്രീകൃതമായെന്നും പിണറായി വിജയനെ മാത്രം പാർട്ടിയായി കാണുന്ന സമീപനം തിരുത്തണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു. എക്സാലോജിക് കേസിൽ പിണറായി വിജയനെയും മകൾ വീണ വിജയനെയും മരുമകൻ മുഹമ്മദ് റിയാസിനെയും സംരക്ഷിക്കേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നുമായിരുന്നു ചില പ്രതിനിധികളുടെ നിലപാട്.

കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി വീണ വിജയന്റെ കമ്പനി കരാറിലേർപ്പെട്ടത് തെറ്റായ നടപടിയാണെന്നും അത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും വിമർശനമുയർന്നു. മന്ത്രി സജി ചെറിയാന്റെ പ്രസ്താവനകൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും അദ്ദേഹത്തെ നിയന്ത്രിക്കാൻ നേതൃത്വം തയ്യാറാകണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി എസ്. സുദേവനെതിരെയും വിമർശനമുണ്ടായി. ജില്ലാ സെക്രട്ടറിക്ക് കത്തുകൾ നൽകുന്നതല്ലാതെ പല കാര്യങ്ങളിലും നടപടിയുണ്ടാകുന്നില്ലെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആക്ഷേപം. അതേസമയം, കത്തുനൽകാതെ തന്നെ ജില്ലാ സെക്രട്ടറിയെക്കൊണ്ട് കാര്യങ്ങൾ സാധിച്ചെടുക്കുന്നവരുമുണ്ടെന്ന വിമർശനവും ഉയർന്നു.

കൊല്ലത്തെ സിപിഎം സമ്പന്നരുടെ മാത്രം പാർട്ടിയായി മാറിയെന്നും പിരിവിൽ മാത്രം ഒതുങ്ങുന്ന സംഘടനയായി പാർട്ടി മാറുകയാണെന്നും പ്രതിനിധികൾ ആരോപിച്ചു. നേതൃത്വത്തിന്റെ പ്രവർത്തനശൈലി, സർക്കാരിന്റെ സമീപനം, സംഘടനയിലെ ജനാധിപത്യപരമായ ഇടപെടലുകൾ എന്നിവയെക്കുറിച്ചുള്ള അതൃപ്തിയാണ് ജില്ലാ കമ്മിറ്റി യോഗത്തിലെ ചർച്ചകളിൽ പ്രകടമായത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4