breaking news New

ഓൺലൈൻ ട്രേഡിങ്ങിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കോഴിക്കോട് ദമ്പതികൾക്ക് 26 ലക്ഷം നഷ്ടം ! വ്യാജ ബാങ്ക് കസ്റ്റമർ കെയറും വാഹന ചലാനും ചതിക്കെണി ; സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം !!

സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ ആശങ്കാജനകമായി വർധിക്കുന്നു. ഓൺലൈൻ ട്രേഡിങ്, വ്യാജ ബാങ്ക് കസ്റ്റമർ കെയർ നമ്പറുകൾ, വാഹന പിഴ സന്ദേശങ്ങൾ എന്നിവയുടെ മറവിൽ നിരവധി പേരുടെ പണമാണ് തട്ടിപ്പ് സംഘം കൈക്കലാക്കുന്നത്. കോഴിക്കോട് ദമ്പതികൾക്ക് 26 ലക്ഷം രൂപ നഷ്ടമായതാണ് ഏറ്റവും ഒടുവിലത്തെ ഞെട്ടിക്കുന്ന സംഭവം.

കോഴിക്കോട് ഉണ്ണികുളം സ്വദേശികളായ ദമ്പതികളാണ് ഓൺലൈൻ ട്രേഡിങ് തട്ടിപ്പിന് ഇരയായത്. ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക് വഴി പരിചയപ്പെടുത്തിയ 'ഷെയർ ട്രേഡ്' ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ചായിരുന്നു തട്ടിപ്പ്. പല ഘട്ടങ്ങളിലായി 26 ലക്ഷം രൂപ നിക്ഷേപിച്ചെങ്കിലും വാഗ്ദാനം ചെയ്ത ലാഭം ലഭിച്ചില്ല. ഇതോടെയാണ് തട്ടിപ്പിനിരയായെന്ന് ദമ്പതികൾ തിരിച്ചറിഞ്ഞത്. ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വ്യാജ കസ്റ്റമർ കെയർ നമ്പർ; വയോധികന് നഷ്ടം 1.18 ലക്ഷം

ബാങ്കിന്റെ ഔദ്യോഗിക കസ്റ്റമർ കെയർ വിഭാഗത്തിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കണയന്നൂർ സ്വദേശി ബാലരാജ പണിക്കരുടെ പണം തട്ടിയെടുത്തത്. ഗൂഗിളിൽ ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പർ തിരഞ്ഞപ്പോൾ തട്ടിപ്പ് സംഘം അപ്‌ലോഡ് ചെയ്ത വ്യാജ നമ്പറാണ് ലഭിച്ചത്. ഇതിൽ ബന്ധപ്പെട്ടതോടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കിയ സംഘം രണ്ട് അക്കൗണ്ടുകളിൽ നിന്നായി 1.18 ലക്ഷം രൂപ തട്ടിയെടുത്തു.

വാഹന ചലാൻ സന്ദേശവും ചതിക്കെണി

വാഹനത്തിന് പിഴ ചുമത്തിയെന്ന വ്യാജ സന്ദേശങ്ങൾ വഴിയുള്ള തട്ടിപ്പും വ്യാപകമാണ്. ഇലക്ട്രിക് സ്കൂട്ടറിന് പിഴയുണ്ടെന്ന സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത കോഴിക്കോട് നല്ലളം സ്വദേശിനിക്ക് ഒരു ലക്ഷത്തിലധികം രൂപ നഷ്ടമായി. സമാനമായ രീതിയിൽ മറ്റൊരു നല്ലളം സ്വദേശിക്കും 30,000 രൂപ നഷ്ടപ്പെട്ടു. രണ്ട് സംഭവങ്ങളിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരു ക്ലിക്കിൽ അക്കൗണ്ട് കാലിയാകാം!

ഓൺലൈൻ ലാഭവാഗ്ദാനങ്ങൾ, ഗൂഗിളിലെ വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ, അപരിചിതമായ വാഹന പിഴ ലിങ്കുകൾ എന്നിവയ്ക്ക് പിന്നാലെ പോകുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് വഴിവെച്ചേക്കാം. ഔദ്യോഗിക വെബ്സൈറ്റുകൾ വഴി മാത്രം വിവരങ്ങൾ പരിശോധിക്കുകയും അപരിചിത ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുകയും ചെയ്യണമെന്ന് ജാഗ്രതാ നിർദേശം.

സൈബർ തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുക.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4