കണ്ണൂർ : പയ്യന്നൂരില്‍ താമസിക്കുന്ന തായിനേരി ഹാജി റോഡിലെ തറമ്മല്‍ അര്‍ജുന്‍, ഭാര്യ കരിവെള്ളൂരിലെ ടി.വി ഹെല്‍ന എന്നിവരാണ് കേസില്‍ പിടിയിലായ പ്രതികൾ.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ഏഴിലോട് പുറച്ചേരിയിലായിരുന്നു സിനിമാറ്റിക് മോഡല്‍ കവര്‍ച്ച നടന്നത്. കടയില്‍ പോയി വീട്ടുസാധനങ്ങളും വാങ്ങി വിയര്‍ത്തൊലിച്ച് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ഏഴിലോട് പുറച്ചേരി കിഴക്കേവീട്ടില്‍ കെ.വി സരോജിനി (72) എന്ന വൃദ്ധയാണ് ഇവരുടെ ഇരയായത്.
ബൈക്കിലെത്തിയ അര്‍ജുനും ഹെല്‍നയും സരോജിനിയുടെ അടുത്ത് വണ്ടി നിര്‍ത്തി വളരെ സ്‌നേഹത്തോടെ വഴി ചോദിക്കുന്ന ഭാവത്തില്‍ സംസാരം തുടങ്ങി. പാവം സരോജിനി വഴി പറഞ്ഞു കൊടുക്കുന്നതിനിടെ, ബൈക്കിന് പിന്നിലിരുന്ന ഭാര്യ ഹെല്‍ന മിന്നല്‍ വേഗത്തില്‍ കൈ നീട്ടി സരോജിനിയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നരപ്പവന്റെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്തു. വയോധിക നിലവിളിക്കുമ്പോഴേക്കും ദമ്പതിമാര്‍ ബൈക്കില്‍ പാഞ്ഞു പോവുകയും ചെയ്തു.
എന്നാല്‍ സംഭവം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ പരിയാരം പോലീസ് രംഗത്തിറങ്ങി. പ്രദേശം കേന്ദ്രീകരിച്ച് സിസിടിവി ദൃശ്യങ്ങള്‍ അരിച്ചുപെറുക്കിയ പോലീസ് സംഘത്തിന് കവര്‍ച്ചക്കാര്‍ സഞ്ചരിച്ച ബൈക്കിന്റെ വിവരങ്ങള്‍ കൃത്യമായി ലഭിച്ചു. തുടര്‍ന്ന് നടത്തിയ മിന്നല്‍ അന്വേഷണത്തില്‍ പയ്യന്നൂരിലെ ഒളിസങ്കേതത്തില്‍ നിന്ന് അര്‍ജുനെയും ഭാര്യ ഹെല്‍നയെയും പോലീസ് കയ്യോടെ തൂക്കിയെടുക്കുകയായിരുന്നു.
പരിയാരം എസ്.ഐ യദുകൃഷ്ണന്‍, എസ്.ഐ ശ്രീകുമാര്‍, എ.എസ്.ഐ പ്രജീഷ്, എസ്.സി.പി.ഒ ജി. ജേഷ്, സി.പി.ഒ അനൂപ് എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഈ കവര്‍ച്ചക്കാരെ വലയിലാക്കി പോലീസിന്റെ വീര്യം കാട്ടിയത്. പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.
വയോധികയുടെ മാല കവർന്ന് മുങ്ങാൻ നോക്കിയ ദമ്പതികൾക്ക് പണി കിട്ടി ; സിസിടിവി ദൃശ്യങ്ങൾ വഴി മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടി പരിയാരം പോലീസ്
Advertisement
Advertisement
Advertisement