പുനലൂർ: പൊലീസിന് തലവേദനയായി മാറിയ യുവാവിന്റെ വീണ്ടും വിചിത്ര പ്രകടനം. ഇത്തവണ പൊലീസിന്റെ ജീപ്പിന്റെ ബോണറ്റിന് മുകളിലിരുന്ന് പുകവലിച്ചാണ് യുവാവ് ശ്രദ്ധ നേടിയത്. വെള്ളിയാഴ്ച വൈകുന്നേരം പുനലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു സംഭവം.
പുനലൂർ സ്വദേശിയായ ഹരിലാലാണ് മദ്യലഹരിയിലെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യത്തിൽ ദേശീയപാതയോരത്ത് പാർക്ക് ചെയ്തിരുന്ന പോലീസ് ജീപ്പിന്റെ ബോണറ്റിന് മുകളിൽ കയറിയിരുന്നത്. യുവാവ് ജീപ്പിന് മുകളിൽ കയറിയത് ആദ്യം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
എന്നാൽ നാട്ടുകാർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസുകാർ ഓടിയെത്തി യുവാവിനെ താഴെയിറക്കി.
പോലീസിന് നേരത്തെ തന്നെ പരിചിതനായ ഹരിലാൽ നിരവധി വിവാദ സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. തൂക്കുപാലത്തിന് സമീപത്തെ ഗാന്ധിപ്രതിമയോട് അനാദരവ് കാട്ടിയ സംഭവം, തൂക്കുപാലത്തിലെ കിണറുകളിലിറങ്ങി ആശങ്ക സൃഷ്ടിച്ചത്, പിങ്ക് പോലീസിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചുതകർത്തത് എന്നിവ ഇതിൽപ്പെടുന്നു.
നവകേരള സദസ്സിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചുകൊണ്ടിരുന്ന വേദിയിലേക്ക് ഓടിക്കയറിയ സംഭവത്തിലും ഇയാൾ നേരത്തെ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്.
പോലീസ് ജീപ്പിനെ തന്നെ ഇത്തവണ പ്രകടനത്തിനുള്ള വേദിയാക്കിയ യുവാവിന്റെ നടപടിയുടെ ദൃശ്യങ്ങൾ നാട്ടുകാർക്കിടയിൽ ചർച്ചയാകുകയാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
പൊലീസിന് തന്നെ പണികൊടുത്ത് യുവാവിന്റെ 'ഷോ' ! ജീപ്പിന്റെ ബോണറ്റിലിരുന്ന് പുകവലി : നാട്ടുകാർ വീഡിയോ എടുത്തതോടെ ഓടിയെത്തി പോലീസ്
Advertisement
Advertisement
Advertisement