ഇലവുംതിട്ട :
പത്തനംതിട്ട ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നതുമായ യുവാവിനെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി.
ഇലവുംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രക്കാനം ആത്രപ്പാട് കുന്നുംപുറത്ത് വീട്ടിൽ തുളസിയുടെ മകൻ വിഷ്ണു എന്നറിയപ്പെടുന്ന ശേഷാസെൻ (36) ആണ് അറസ്റ്റിലായത്.
അടിപിടി, കഠിന ദേഹോപദ്രവം, വധശ്രമം, വീടുകയറി ആക്രമണം, മയക്കുമരുന്ന്, പുകയില ഉൽപ്പന്നങ്ങളുടെ വിപണനം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഇയാൾ നിരന്തരം ഏർപ്പെട്ടുവരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. പൊതുജനങ്ങൾക്ക് നിരന്തരം ശല്യമുണ്ടാക്കുകയും പ്രദേശത്തെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയാകുകയും ചെയ്യുന്ന ഇയാളുടെ തുടർച്ചയായ കുറ്റകൃത്യങ്ങൾ കണക്കിലെടുത്താണ് നടപടി.
ജില്ലാ പോലീസ് മേധാവിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം 2007-ലെ വകുപ്പ് 3(1), 3(2) പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സെൻട്രൽ ജയിലിലെത്തിയ ഇലവുംതിട്ട പോലീസ് സംഘം 2026 നവംബർ 14-ന് ഉച്ചയ്ക്ക് 12.45-ന് ഇയാളെ നിയമാനുസൃതം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കൽ നടപടികൾ സ്വീകരിച്ചു. SI രാജേഷ് കുമാർ KR, SCPO ശ്രീജിത്ത്, CPO സുരേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ജില്ലയിൽ കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നവർക്കെതിരെയും പൊതുസമാധാനത്തിന് ഭീഷണിയാകുന്ന സാമൂഹ്യവിരുദ്ധർക്കെതിരെയും കാപ്പാ നിയമം ഉൾപ്പെടെയുള്ള നിയമനടപടികൾ ശക്തമായി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS അറിയിച്ചു.
പത്തനംതിട്ട ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി
Advertisement
Advertisement
Advertisement