പമ്പ:
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരുടെ മൊബൈൽ ഫോണുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കാൻ ലക്ഷ്യമിട്ട് പമ്പയിലെത്തിയ സ്ഥിരം മോഷ്ടാവിനെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ വില്ലേജിൽ മുക്കുടി വൈക്കകം എന്ന സ്ഥലത്ത് ആറ്റുകാട്ടയ്ക്കൽ പുത്തൻവീട്ടിൽ കരുണാകരന്റെ മകൻ അനുമോൻ (39) ആണ് പിടിയിലായത്.
ശബരിമല തീർത്ഥാടനകാലത്ത് അയ്യപ്പഭക്തരുടെ തിരക്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ, ദർശനത്തിനെത്തുന്ന ഭക്തരുടെ മൊബൈൽ ഫോണുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി പമ്പയിലെത്തിയതെന്ന് പോലീസ് കണ്ടെത്തി. നവംബർ 21-ന് ഉച്ചയ്ക്ക് 12.30-ഓടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയെക്കുറിച്ച് നടത്തിയ കൂടുതൽ അന്വേഷണത്തിൽ ഇയാൾ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത 17 ഓളം മോഷണക്കേസുകളിൽ പ്രതിയാണെന്നും സ്ഥിരം കുറ്റവാളിയാണെന്നും വ്യക്തമായി.
ശബരിമല തീർത്ഥാടകരെ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരെ കണ്ടെത്തുന്നതിനും ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി പമ്പയിലും പരിസരപ്രദേശങ്ങളിലും പോലീസ് ശക്തമായ പരിശോധന നടത്തിവരികയാണ്.
ഇതിന്റെ ഭാഗമായി പമ്പ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മനോജ് സി.കെ., സബ് ഇൻസ്പെക്ടർ പ്രസാദ് എസ്.ജി., അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു, സിവിൽ പോലീസ് ഓഫീസർമാരായ അരുൺ മധു, വിഷ്ണു ബാബു, ജസ്റ്റിൻ, അനുരാഗ് കൃഷ്ണൻ, അരുൺ എ.എ., അനു എസ്. രവി, സ്ക്വാഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർമാരായ സുധീഷ്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അറസ്റ്റ് ചെയ്ത പ്രതിയെ റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ട് മോഷണത്തിനെത്തി ; 17 മോഷണക്കേസുകളിലെ പ്രതി പമ്പ പോലീസിന്റെ പിടിയിൽ
Advertisement
Advertisement
Advertisement