ആലപ്പുഴ സ്വദേശിനിയായ രഹ്നയുടെ പരാതിയിൽ ഭർത്താവ് നിധിനും കുടുംബാംഗങ്ങൾക്കുമെതിരെയാണ് തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തത്. വഴക്കിനിടെ ഭർത്താവ് നിലത്തിട്ട് വലിച്ചിഴക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് ആറുവർഷമായി സ്ത്രീധനത്തിന്റെ പേരിൽ കടുത്ത പീഡനമാണ് യുവതി നേരിടേണ്ടി വന്നത്. കഴിഞ്ഞ 22-ന് കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനെത്തിയ യുവതിയുടെ പിതാവിനെയും ഭർത്താവ് നിധിൻ മർദിക്കുകയുണ്ടായി. യുവതിയെ വീട്ടിൽ വെച്ച് മർദിച്ച് വലിച്ചിഴയ്ക്കുകയും ചെയ്തു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ പരാതി നൽകിയിട്ടും പൊലീസ് ആദ്യം കേസ് എടുക്കാൻ തയ്യാറായില്ലെന്ന് യുവതി ആരോപിക്കുന്നു. പൊലീസും പഞ്ചായത്ത് അംഗവും ഇടപെട്ടിട്ടും കുട്ടിയുടെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും പോലും എടുക്കാൻ ഭർതൃവീട്ടുകാർ അനുവദിച്ചില്ലെന്നും അവർ വ്യക്തമാക്കി.
തുടർന്ന് യുവതി ജില്ലാ പൊലീസ് മേധാവിയെ നേരിൽ കണ്ട് പരാതി നൽകിയതിനെ തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എന്നാൽ, സ്ത്രീധന പീഡനക്കേസുകളിൽ നിയമപരമായി പാലിക്കേണ്ട പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ട കാലതാമസം മാത്രമാണ് അന്വേഷണത്തിൽ ഉണ്ടായിട്ടുള്ളതെന്നാണ് തൃക്കുന്നപ്പുഴ പൊലീസിന്റെ വിശദീകരണം. നിധിനെയും കുടുംബാംഗങ്ങളെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
സ്ത്രീധനത്തിന്റെ പേരിൽ യുവതിക്ക് ക്രൂരമർദ്ദനം ; ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ പൊലീസ് കേസ്
Advertisement
Advertisement
Advertisement