ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ എത്തിച്ച് വിതരണം ചെയ്തിരുന്ന ലഹരിക്കടത്ത് ശൃംഖലയുടെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ.
സംസ്ഥാന സർക്കാരിന്റെ മികച്ച യുവ കർഷക പുരസ്കാരം നേടിയ ഹരിപ്പാട് പായിപ്പാട് സ്വദേശി ധനേഷ് എസ്. നായർ (31) എന്ന ‘ഡാനിയെയാണ്’ എറണാകുളം റൂറൽ ജില്ലാ പോലീസ് അങ്കമാലിയിൽനിന്ന് പിടികൂടിയത്.
കാർഷിക ഉൽപ്പന്നങ്ങൾ കേരളത്തിലേക്ക് എത്തിക്കുന്നതിന്റെ മറവിൽ വാഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ചായിരുന്നു ലഹരിമരുന്ന് കടത്തിയിരുന്നത്. യുവാക്കളെ പണം നൽകി റിക്രൂട്ട് ചെയ്ത് ബെംഗളൂരുവിലെത്തിക്കുകയും ഇവർ മുഖേന ലഹരിമരുന്ന് കേരളത്തിലേക്ക് കടത്തുകയുമായിരുന്നു സംഘത്തിന്റെ രീതി. ലഹരിമരുന്ന് ഒളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം വഴിയായിരുന്നു സംഘം ആശയവിനിമയം നടത്തിയിരുന്നത്.
മൈസൂരുവിനടുത്തുള്ള നഞ്ചൻഗുഡിൽ വാഴത്തോട്ടങ്ങളും കൃഷിയിടങ്ങളും കേന്ദ്രീകരിച്ചായിരുന്നു ധനേഷിന്റെ പ്രവർത്തനം. വീട്ടിലെ പക്ഷിക്കൂട്ടിനുള്ളിലെ പാത്രങ്ങളിൽ പോലും ലഹരിമരുന്ന് ഒളിപ്പിച്ചുവെച്ചിരുന്നു. പോലീസ് പരിശോധനയിൽ എളുപ്പത്തിൽ കണ്ടെത്താനാകാത്ത വിധത്തിലായിരുന്നു ഈ രീതി. ബെംഗളൂരുവിൽനിന്നും മൈസൂരുവിൽനിന്നും ലഹരിമരുന്ന് ശേഖരിച്ച് കേരളത്തിലെ ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുകയായിരുന്നു സംഘമെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽനിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും എട്ട് ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ആലുവയിലെ ലോഡ്ജിൽനിന്ന് 185 ഗ്രാം എംഡിഎംഎയുമായി നേരത്തെ അറസ്റ്റിലായ ഹരികൃഷ്ണന്റെ മൊബൈൽ ഫോൺ പരിശോധിച്ചതോടെയാണ് ധനേഷിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ മേൽനോട്ടത്തിൽ തമിഴ്നാട്ടിലും കർണാടകയിലും അന്വേഷണം വ്യാപിപ്പിച്ചാണ് അറസ്റ്റ് നടത്തിയത്.
2015 മുതൽ 2018 വരെ ജർമനിയിൽ അഗ്രി ബിസിനസ് പഠിച്ച ധനേഷ്, 2018-ലെ പ്രളയകാലത്താണ് കേരളത്തിൽ തിരിച്ചെത്തിയത്. പിന്നീട് കർഷകനായി പ്രവർത്തിച്ച ഇയാൾക്ക് 2023-ൽ സംസ്ഥാന സർക്കാരിന്റെ മികച്ച യുവ കർഷകനുള്ള പുരസ്കാരം കൃഷിമന്ത്രി പി. പ്രസാദിൽനിന്ന് ലഭിച്ചിരുന്നു. കൃഷിവകുപ്പിന്റെ 'കൃഷിദീപം' പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്.
നൈജീരിയൻ വംശജരിൽനിന്ന് ലഹരിമരുന്ന് വാങ്ങി കേരളത്തിലെ ചെറുകിട വിൽപ്പനക്കാർക്ക് കൈമാറിയിരുന്നതായും നിരവധി തവണ വാഴക്കുലകൾക്കിടയിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്തിയിട്ടുണ്ടെന്നും ധനേഷ് പോലീസിനോട് വെളിപ്പെടുത്തിയതായാണ് വിവരം. ഇയാളുടെ ശൃംഖലയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
CENTRAL MEDIA NEWS DESK
www.cmediaonline.in
മികച്ച യുവകർഷകൻ : പക്ഷേ വരുമാനം പോരാതെ വന്നു : വാഴക്കൃഷി നടത്തി സർക്കാരിന്റെ പുരസ്‌കാരം നേടിയ യുവകർഷകൻ ലഹരിക്കേസിൽ അറസ്റ്റിൽ !!
Advertisement
Advertisement
Advertisement