ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന ‘കാപ്പി സ്ക്വാഡ്’ വെബ് സീരീസിന്റെ സംവിധായകനായ ബെൽരാജിനെ എറണാകുളത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കോട്ടയം മണിമല സ്വദേശിയായ അദ്ദേഹം സിനിമാ രംഗത്ത് അസിസ്റ്റന്റ് ഡയറക്ടറായും അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ.
ബെൽരാജിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമായ ‘കാപ്പി സ്ക്വാഡ്’ ഒക്ടോബർ 15നാണ് സ്ട്രീമിങ് ആരംഭിച്ചത്. സീരീസിന്റെ ആദ്യ എപ്പിസോഡുകൾ പുറത്തിറങ്ങി പ്രേക്ഷകശ്രദ്ധ നേടുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. 36 എപ്പിസോഡുകളുടെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. റിനോഷ് ജോർജ് കേന്ദ്രകഥാപാത്രമായെത്തുന്ന കോമഡി-ഡ്രാമ സീരീസിൽ അനഘ അജിത്, ദിയ ദീപൻ, ജോയൽ ജോസഫ്, അഭിരാമി ദയാനന്ദൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
‘നിഴൽ’, ‘മധുരം’, ‘ഡാകിനി’ തുടങ്ങിയ ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായും അസോസിയേറ്റ് ഡയറക്ടറായും ബെൽരാജ് പ്രവർത്തിച്ചിട്ടുണ്ട്. സിനിമാരംഗത്ത് സ്വന്തം ഇടം കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടെയാണ് അപ്രതീക്ഷിത വിയോഗം. പുതിയ സീരീസിലൂടെ സ്വതന്ത്ര സംവിധായകനെന്ന നിലയിൽ കരിയറിലെ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയുണ്ടായ മരണം സിനിമാലോകത്തെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ബെൽരാജിന്റെ വിവാഹം. ആറുവർഷത്തെ പ്രണയത്തിനൊടുവിൽ ആതിരയെ ജീവിതസഖിയാക്കിയ അദ്ദേഹത്തിന്റെ വിയോഗം കുടുംബത്തിന് വലിയ ആഘാതമായി. മണിമല കളരിക്കൽ സുരേഷിന്റെയും സ്മിതയുടെയും മകനാണ് ബെൽരാജ്. സഹോദരി സോജ.
കോട്ടയം മണിമല സ്വദേശിയായ യുവ സംവിധായകൻ ബെൽരാജ് കളരിക്കൽ (28) അന്തരിച്ചു
Advertisement
Advertisement
Advertisement