വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പിന്റെ പേരിൽ ഗൂഗിൾ അക്കൗണ്ടിലെ സ്റ്റോറേജ് തീരുന്നവർക്ക് ആശ്വാസവാർത്ത. ചാറ്റുകളും ചിത്രങ്ങളും വീഡിയോകളും സുരക്ഷിതമായി സൂക്ഷിക്കാൻ സ്വന്തം ക്ലൗഡ് സ്റ്റോറേജ് സംവിധാനം അവതരിപ്പിക്കാനുള്ള നീക്കവുമായി മെറ്റ. ഇതോടെ വാട്സ്ആപ്പ് ബാക്കപ്പുകൾക്കായി ഇനി ഗൂഗിൾ ഡ്രൈവിനെ മാത്രം ആശ്രയിക്കേണ്ടിവരില്ല.
പുതിയ സംവിധാനത്തിലൂടെ ഓരോ ഉപയോക്താവിനും 2 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഗൂഗിൾ നൽകുന്ന 15 ജിബി സൗജന്യ സംഭരണശേഷി ജിമെയിൽ, ഗൂഗിൾ ഫോട്ടോസ്, വാട്സ്ആപ്പ് ബാക്കപ്പുകൾ എന്നിവയ്ക്കായി പങ്കിടുന്നതിനാൽ പലർക്കും സ്റ്റോറേജ് പ്രതിസന്ധി നേരിടുന്നുണ്ട്. പുതിയ സംവിധാനം വരുന്നതോടെ ഗൂഗിൾ അക്കൗണ്ടിലെ സംഭരണശേഷി ചെലവാക്കാതെ തന്നെ വാട്സ്ആപ്പ് ബാക്കപ്പുകൾ സൂക്ഷിക്കാനാകും.
വാട്സ്ആപ്പ് ആൻഡ്രോയിഡ് ബീറ്റാ പതിപ്പായ 2.26.46.4-ലാണ് പുതിയ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചാറ്റ് ബാക്കപ്പ് സെറ്റിംഗ്സിൽ ഗൂഗിൾ ഡ്രൈവിനൊപ്പം വാട്സ്ആപ്പിന്റെ സ്വന്തം ക്ലൗഡ് സ്റ്റോറേജ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ലഭ്യമാകും. ഉപയോക്താക്കൾക്ക് ആവശ്യാനുസരണം രണ്ട് സംവിധാനങ്ങൾക്കുമിടയിൽ മാറാനും സാധിക്കും.
സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രത്യേക പരിഗണനയാണ് പുതിയ സംവിധാനത്തിൽ നൽകിയിരിക്കുന്നത്. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ചായിരിക്കും ബാക്കപ്പുകൾ സൂക്ഷിക്കുക. പാസ്‌കീ, പാസ്‌വേഡ് അല്ലെങ്കിൽ 64 അക്ക എൻക്രിപ്ഷൻ കീ ഉപയോഗിച്ച് ബാക്കപ്പുകൾ സുരക്ഷിതമാക്കാം. ബാക്കപ്പിലെ വിവരങ്ങൾ വാട്സ്ആപ്പിനോ മാതൃസ്ഥാപനമായ മെറ്റയ്ക്കോ പരിശോധിക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ എൻക്രിപ്ഷൻ പാസ്‌വേഡോ കീയോ നഷ്ടപ്പെട്ടാൽ ബാക്കപ്പ് വീണ്ടെടുക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പുമുണ്ട്.
പണം നൽകിയാൽ 4 ടിബി വരെ സ്റ്റോറേജ്
സൗജന്യമായി ലഭിക്കുന്ന 2 ജിബിക്ക് പുറമെ കൂടുതൽ സംഭരണശേഷി ആവശ്യമുള്ളവർക്കായി പണമടച്ചുള്ള പ്ലാനുകളും അവതരിപ്പിക്കുന്നുണ്ട്. വാട്സ്ആപ്പ് പ്ലസ് സബ്സ്ക്രിപ്ഷനിലൂടെ 100 ജിബി വരെയും മെറ്റ വൺ പ്ലാനുകളിലൂടെ 4 ടിബി വരെയും സ്റ്റോറേജ് ലഭിക്കുമെന്നാണ് വിവരം.
പണമടച്ചുള്ള പ്ലാനുകളുടെ കാലാവധി അവസാനിച്ചാലും നാല് മാസം വരെ ബാക്കപ്പ് വിവരങ്ങൾ സെർവറിൽ സൂക്ഷിക്കുമെന്നാണ് റിപ്പോർട്ട്. വരും ആഴ്ചകളിൽ കൂടുതൽ ആൻഡ്രോയിഡ് ഉപയോക്താക്കളിലേക്കും പിന്നീട് ഐഫോൺ ഉപയോക്താക്കളിലേക്കും ഫീച്ചർ വ്യാപിപ്പിക്കാനാണ് നീക്കം.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ഗൂഗിൾ ഡ്രൈവിന് പകരക്കാരനായി വാട്സ്ആപ്പിന്റെ സ്വന്തം ക്ലൗഡ് സ്റ്റോറേജ് : എല്ലാവർക്കും 2 ജിബി സൗജന്യം : 4 ടിബി വരെ അധിക സംഭരണ സൗകര്യവും!
Advertisement
Advertisement
Advertisement