കൊച്ചിയിലെ വഴിയോര ഭക്ഷണശാലയിൽ പരസ്യമായി ബീഫ് വിൽക്കുന്നതിനെതിരെ ഉത്തരേന്ത്യൻ വ്ലോഗർ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് പുതിയ വിവാദത്തിന് തിരികൊളുത്തി.
എന്നാൽ പ്രതിഷേധം പ്രതീക്ഷിച്ച പോസ്റ്റിന് താഴെ മലയാളികൾ നൽകിയ മറുപടി തികച്ചും വ്യത്യസ്തമായിരുന്നു. ‘ഇത് ഉത്തർപ്രദേശല്ല, കേരളമാണ്’, ‘ഞങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്’ തുടങ്ങിയ പ്രതികരണങ്ങൾക്കൊപ്പം കേരളത്തിന്റെ തനത് ബീഫ് വിഭവങ്ങളുടെ റെസിപ്പികളും കമന്റ് ബോക്സിൽ നിറഞ്ഞു. ആയിരക്കണക്കിന് കമന്റുകളാണ് ഇതിനോടകം പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടത്.
ഉത്തരേന്ത്യൻ സ്വദേശിയായ സഞ്ജയ് ശർമയാണ് കൊച്ചിയിലെ എസ്.ആർ. ടീ ഷോപ്പിൽ ബീഫ് വിൽക്കുന്നതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇടപെടണമെന്നും രാജ്യവ്യാപകമായി ഏകീകൃത നിയമനടപടി വേണമെന്നുമാണ് ഇയാളുടെ ആവശ്യം.
കേരളത്തിലെ കൊച്ചിയിൽ ഒരു വഴിയോര ഭക്ഷണശാലയിൽ പരസ്യമായി ബീഫ് വിൽക്കുന്നത് കണ്ടത് തന്നെ വേദനിപ്പിച്ചുവെന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ സഞ്ജയ് ശർമയുടെ പ്രതികരണം. ഹൈന്ദവ പാരമ്പര്യവും ഗോമാതാവിനോടുള്ള ആദരവും ഉയർത്തിക്കാട്ടിയ ഇയാൾ, രാജ്യത്തെ വിശ്വാസങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കാൻ എല്ലാ സംസ്ഥാനങ്ങളിലും ഒരേ നിയമം വേണമെന്നും ആവശ്യപ്പെട്ടു. ഭക്ഷണശാലയുടെ ചിത്രങ്ങളും മെനു ബോർഡിന്റെ ദൃശ്യങ്ങളും വീഡിയോയ്ക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്.
എന്നാൽ പോസ്റ്റിന് താഴെ മലയാളികൾ നടത്തിയ പ്രതികരണങ്ങൾ ശ്രദ്ധേയമായി. ബീഫ് ഫ്രൈ, ബീഫ് റോസ്റ്റ്, ബീഫ് സ്റ്റ്യൂ, ബീഫ് കുറുമ, ചില്ലി ബീഫ്, കപ്പ ബിരിയാണി തുടങ്ങി കേരളത്തിലെ ജനപ്രിയ വിഭവങ്ങളുടെ നീണ്ട നിരയാണ് കമന്റുകളിലെത്തിയത്. ‘ലേശം മൊരിഞ്ഞ ബീഫും പൊറോട്ടയും എടുത്താലോ?’ എന്ന ചോദ്യവും വൈറലായി.
ഇന്ത്യയിലെ ബീഫ് കയറ്റുമതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെയും ഉത്തർപ്രദേശിനെയും പരിഹസിച്ചുള്ള കമന്റുകളും നിരവധിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ബീഫ് കയറ്റുമതിയിൽ മുന്നിലുള്ള രാജ്യങ്ങളിലൊന്നാണെന്നും അതിൽ ഉത്തർപ്രദേശിനും പങ്കുണ്ടെന്നുമുള്ള പരിഹാസ പ്രതികരണങ്ങളും ചർച്ചയായി.
കഴിഞ്ഞ ഒക്ടോബറിൽ ഫോർട്ട് കൊച്ചിയിലെ കാശി ആർട്ട് കഫേയിൽ ബീഫ് വിളമ്പുന്നതിനെതിരെ വർഗീയ പരാമർശം നടത്തിയ വ്ലോഗർ അമൃത് സിങ് ഡാരനെതിരെ പൊലീസ് കേസെടുത്തിരുന്നു. ആ വിവാദത്തിന് പിന്നാലെയാണ് കൊച്ചിയിലെ മറ്റൊരു ഭക്ഷണശാലയിലെ ബീഫ് വിൽപ്പന ചൂണ്ടിക്കാട്ടിയുള്ള സഞ്ജയ് ശർമയുടെ പോസ്റ്റും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
കൊച്ചിയിൽ ബീഫ് വിൽപ്പന ചോദ്യം ചെയ്ത് വ്ലോഗർ ; മറുപടിയുമായി മലയാളികൾ ; കമന്റ് ബോക്സിൽ നിറഞ്ഞത് ബീഫ് റെസിപ്പികൾ!
Advertisement
Advertisement
Advertisement