breaking news New

കോട്ടയം, മുണ്ടക്കയം കഴിഞ്ഞു… ഇനി പെരുമ്പാവൂരും ! ‘ഉദയം കാറ്ററിങ്’ സദ്യ കൊടുക്കാതെ ‘വിശപ്പിന്റെ വിരുന്നൊരുക്കി’

പെരുമ്പാവൂരിന് സമീപം നടന്ന ഒരു വിവാഹച്ചടങ്ങിലാണ് ഇത്തവണ പണി ഒപ്പിച്ചത്. വിവാഹത്തിന് മുന്നോടിയായി ഏകദേശം മൂന്ന് ലക്ഷം രൂപ അഡ്വാന്‍സായി നല്‍കിയിരുന്ന കുടുംബത്തിനാണ് അവസാന നിമിഷം വരെ ആശങ്ക നേരിടേണ്ടിവന്നത്.

സെപ്റ്റംബര്‍ 14 തിങ്കളാഴ്ച നടത്താനിരുന്ന വിവാഹത്തിനുള്ള ഭക്ഷണത്തിന്റെ ചുമതലയാണ് ഉദയം കാറ്ററിങ് ഏറ്റെടുത്തിരുന്നത്. ഇതിനായി വരന്റെ വീട്ടുകാര്‍ സ്ഥാപനത്തിന് ഏകദേശം മൂന്ന് ലക്ഷം രൂപ അഡ്വാന്‍സായി നല്‍കിയിരുന്നു. എന്നാല്‍ വിവാഹത്തിന് രണ്ട് ദിവസം മുമ്പ് സ്ഥാപന ഉടമയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ലെന്നും യാതൊരു മറുപടിയും ലഭിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.

വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു ഈ പ്രതിസന്ധി. ഭക്ഷണത്തിന്റെ ചുമതല ഏറ്റെടുത്ത സ്ഥാപനം അവസാന നിമിഷം പിന്മാറുമോ എന്ന ആശങ്ക ശക്തമായതോടെ കുടുംബം മറ്റ് വഴികള്‍ തേടുകയായിരുന്നു.

തുടര്‍ന്ന് പെരുമ്പാവൂര്‍ മേഖലയിലെ 'ഹാപ്പി ബൈറ്റ്‌സ്' കാറ്ററിങ് നടത്തുന്ന റെജിയെ ബന്ധപ്പെടുകയായിരുന്നു. അടിയന്തര സാഹചര്യം മനസ്സിലാക്കിയ സംഘം തിങ്കളാഴ്ച 800 പേര്‍ക്ക് ആവശ്യമായ സദ്യ ഒരുക്കി നല്‍കി. ഇതോടെ വിവാഹച്ചടങ്ങുകള്‍ മുടങ്ങാതെ നടത്താന്‍ കുടുംബത്തിന് സാധിച്ചു.

വിവാഹം പോലുള്ള ചടങ്ങില്‍ അവസാന നിമിഷം ഭക്ഷണത്തിന്റെ ചുമതല മറ്റൊരു സംഘത്തെ ഏല്‍പ്പിക്കേണ്ടിവന്നത് വലിയ സമ്മര്‍ദമാണ് കുടുംബത്തിന് ഉണ്ടാക്കിയതെന്നും, എന്നാല്‍ സമയബന്ധിതമായി സഹായം ലഭിച്ചതിനാല്‍ ചടങ്ങുകള്‍ സന്തോഷകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.

ഇതിനു പിന്നാലെയാണ് സമാനമായ രീതിയില്‍ മറ്റ് സ്ഥലങ്ങളിലും ഉദയം കാറ്ററിങ്ങിനെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്ന ആരോപണം വീണ്ടും ചര്‍ച്ചയാകുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4