പത്തനംതിട്ട:
സാമ്പത്തിക തട്ടിപ്പ് കേസിൽ ആലപ്പുഴ സ്വദേശികളായ രണ്ട് യുവാക്കളെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം ചേരാവള്ളി ചങ്കഴിത്തറ വടക്കേത്തിൽ മധുവിന്റെ മകൻ ആദിത്യൻ മധു (22), തെക്കേക്കര കുറത്തികാട് വടക്കേടത്ത് വീട്ടിൽ സുനിലിന്റെ മകൻ അമൽ വി.എസ്. (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരൻ നടത്തുന്ന സ്വർണപ്പണയ സ്ഥാപനത്തിൽ പ്രതികൾ അഞ്ചുലക്ഷം രൂപയ്ക്ക് സ്വർണം പണയം വെച്ചിരുന്നു. തുടർന്ന് അടുത്ത ദിവസം വൈകുന്നേരത്തോടെ അഞ്ചുലക്ഷം രൂപ പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. എന്നാൽ, തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്ത മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട പണമായിരുന്നു ഇത്തരത്തിൽ പരാതിക്കാരന്റെ അക്കൗണ്ടിലേക്ക് കൈമാറിയത്. ഇതോടെ സാമ്പത്തിക തട്ടിപ്പിലൂടെ ലഭിച്ച പണം കൈമാറ്റം ചെയ്യുന്നതിലെ ഇടനിലക്കാരനായി പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടും ഉൾപ്പെടുകയും അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെടുകയും ചെയ്തു. ഈ ഇടപാടിലൂടെ പരാതിക്കാരന് സാമ്പത്തിക നഷ്ടവും ബുദ്ധിമുട്ടുകളും ഉണ്ടായതായാണ് കേസ്.
പരാതിയുടെ അടിസ്ഥാനത്തിൽ കൊടുമൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇരുവരെയും കണ്ടെത്തി. തുടർന്ന് നവംബർ 5-ന് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അറസ്റ്റിലായ പ്രതികളെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പന്തളം സർക്കിൾ ഇൻസ്പെക്ടർ ബാബു കുറുപ്പിന്റെ നേതൃത്വത്തിൽ എസ്.ഐ. ഷിജു പി. സാം(SHO) , എസ്.സി.പി.ഒമാരായ അനീഷ് ഗീവർഗീസ്, അമീഷ് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
സാമ്പത്തിക തട്ടിപ്പ് കേസ് ; ആലപ്പുഴ സ്വദേശികളായ രണ്ട് യുവാക്കൾ പത്തനംതിട്ട കൊടുമൺ പോലീസിന്റെ പിടിയിൽ
Advertisement
Advertisement
Advertisement