breaking news New

ഓണാഘോഷത്തോടനുബന്ധിച്ച് പോലീസ് നടത്തിയ ഊർജിതമായ പരിശോധനയിൽ ലക്ഷങ്ങളുടെ വിപണിമൂല്യമുള്ള മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ !!

കായംകുളം : 35.95 ഗ്രാം എംഡിഎംഎയുമായി കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി ആകാശ് (21), ക്ലാപ്പന സ്വദേശി സജിമോൻ (37) എന്നിവരെയാണ് കായംകുളം പോലീസ് പിടികൂടിയത്. 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി ഉത്രാട ദിനത്തിലായിരുന്നു സംഭവം.

ഓഗസ്റ്റ് 26-ന് പുലർച്ചെ മൂന്ന് മണിയോടെ കായംകുളം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട KL 23 L 3665 നമ്പർ മോട്ടോർ സൈക്കിൾ തടഞ്ഞുനിർത്തി പരിശോധിച്ചതാണ് കേസിൽ വഴിത്തിരിവായത്. ബൈക്കിലുണ്ടായിരുന്ന ഒന്നാം പ്രതി ആകാശിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു. തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂട്ടാളിയായ സജിമോനെ പോലീസ് വലയിലാക്കിയത്.

ഓണ വിപണി ലക്ഷ്യമിട്ട് എത്തിച്ച ഈ മയക്കുമരുന്നിന് ആഭ്യന്തര വിപണിയിൽ നാല് ലക്ഷത്തോളം രൂപ വിലമതിക്കും. പിടിയിലായ ആകാശ് മുൻപ് ചവറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു മോഷണക്കേസിലും പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.

കായംകുളം ഡിവൈഎസ്‌പി ടി. രാജപ്പന്റെ മേൽനോട്ടത്തിൽ സിഐ രജീഷ് കുമാർ, എസ്ഐമാരായ രതീഷ് ബാബു, സുരേഷ്, എഎസ്ഐമാരായ ഇസ്ലാഹ്, പ്രിയ, ഷിബു, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ മോനിഷ്, ആദർശ്, ശ്യാം, അഖിൽ മുരളി, മനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഓണക്കാലത്ത് ലഹരി കടത്തിനും വിൽപ്പനയ്ക്കുമെതിരെ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് കായംകുളം പോലീസ് അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4