പത്തനംതിട്ട /മല്ലപ്പള്ളി /ചെങ്ങരൂർ: ശ്രീ. വിഷ്ണു പുതുശ്ശേരി രചിച്ച 'ധർമ്മസൂര്യൻ', 'ETERNAL BLISS' എന്നീ പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങ് ചെങ്ങരൂർ പൂതാംപുറം സെന്റ് ജോർജ് എൽ.പി. സ്കൂളിൽ നടന്നു.
ആത്മബോധോദയ സംഘം ജനറൽ സെക്രട്ടറി കെ. സുധാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ശിവഗിരി മഠത്തിലെ സ്വാമി ജ്ഞാനതീർത്ഥ ഉദ്ഘാടനം ചെയ്തു. യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ്, ഓർത്തഡോക്സ് സഭ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ബിലീവേഴ്സ് ചർച്ച് പരമാധ്യക്ഷൻ അഭിവന്ദ്യ സാമുവൽ മാർ തെയോഫിലോസ് അനുഗ്രഹ പ്രഭാഷണം നടത്തി.
'ധർമ്മസൂര്യൻ' എന്ന പുസ്തകം സ്വാമി ജ്ഞാനതീർത്ഥ മുതിർന്ന മാധ്യമപ്രവർത്തകൻ ജിജു വൈക്കത്തുശ്ശേരിക്ക് നൽകി പ്രകാശനം ചെയ്തു.
'ETERNAL BLISS' എന്ന പുസ്തകം അഭിവന്ദ്യ സാമുവൽ മാർ തെയോഫിലോസ് മെത്രാപ്പോലീത്ത തിരുവല്ല മാർത്തോമ്മാ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവികളായ ജോർജ് കോശിക്കും ഡോ. ആനി കോശിക്കും നൽകി പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ ചലച്ചിത്രതാരം പാഷാണം ഷാജി വിശിഷ്ടാതിഥിയായി. തിരുവല്ല മുസ്ലിം ജമാഅത്ത് പ്രതിനിധി മുഹമ്മദ് നൗഫൽ, മുൻ എം.എൽ.എയും സിപിഎം ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാം, മുൻ എം.എൽ.എയും കേരള കോൺഗ്രസ് വൈസ് ചെയർമാനുമായ ജോസഫ് എം. പുതുശ്ശേരി എന്നിവർ വിശിഷ്ട സാന്നിധ്യമായി.
സ്വാമി ത്യാഗാനന്ദ, സ്വാമി ആത്മാനന്ദ, ജിജു വൈക്കത്തുശ്ശേരി, തുളസീധരൻ മുംബൈ, കെ.കെ. മധു എന്നിവർ ആശംസകൾ നേർന്നു.
വിവിധ മത–സാമുദായിക നേതൃത്വങ്ങളുടെയും സാമൂഹിക–സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു പുസ്തക പ്രകാശനച്ചടങ്ങ്.
റിപ്പോർട്ട് : ബിജു കെ വി
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in