ബത്തേരി: ആദിവാസി തൊഴിലാളികൾക്ക് കൂലിക്ക് പകരം മദ്യം നൽകി തൊഴിൽ ചൂഷണം നടത്തിവന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
വടുവൻചാൽ കോട്ടൂർ തകിടിയിൽ വീട്ടിൽ എൽദോയാണ് പിടിയിലായത്. നിരവധി അബ്കാരി കേസുകളിൽ നേരത്തെയും പ്രതിയായ ഇയാൾ തമിഴ്നാട് അതിർത്തിയിലെ കോട്ടൂർ ആദിവാസി ഉന്നതികൾ കേന്ദ്രീകരിച്ചായിരുന്നു മദ്യവിൽപ്പനയും തൊഴിൽ ചൂഷണവും നടത്തിയിരുന്നത്.
അതിർത്തി പ്രദേശമായതിനാൽ എക്സൈസ് ഉദ്യോഗസ്ഥർ എത്തുന്ന വിവരം ലഭിച്ചാൽ തമിഴ്നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു ഇയാളുടെ പതിവ്. എന്നാൽ ഇത്തവണ എക്സൈസ് സംഘം കൃത്യസമയത്ത് ഇടപെട്ടതോടെ രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടു. ഉദ്യോഗസ്ഥരെ കണ്ടയുടൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘം തടഞ്ഞ് പിടികൂടുകയായിരുന്നു.
തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനായി അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യവും പരിശോധനയിൽ കണ്ടെടുത്തു. സമാനമായ നിരവധി കേസുകളിൽ പ്രതിയായിരുന്നെങ്കിലും ഇതുവരെ എൽദോയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.ബി. ഹരിദാസൻ ഫെബ്രുവരി ഒന്നിന് കോട്ടൂരിൽവെച്ച് ഇയാളെ പിടികൂടാൻ ശ്രമിച്ചിരുന്നു. തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുകേഷ് കുമാർ വണ്ടിച്ചാൽ, പ്രിവന്റീവ് ഓഫീസർമാരായ മനോജ് കുമാർ, രജീഷ് രായരോത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.വി. രാജീവൻ, കെ. അജയ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എൻ.എം. അൻവർ സാദത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
കൂലിക്ക് പകരം മദ്യം നൽകി ആദിവാസി തൊഴിലാളികളെ ചൂഷണം ചെയ്തു ; നിരവധി അബ്കാരി കേസുകളിലെ പ്രതി പിടിയിൽ
Advertisement
Advertisement
Advertisement