പത്തനംതിട്ട /നിലയ്ക്കൽ: ശബരിമല തീർത്ഥാടകരുമായി എത്തിയ സ്വകാര്യ ട്രാവലർ ഡ്രൈവറെ നിലയ്ക്കലിൽ പോലീസ് ഉദ്യോഗസ്ഥൻ മർദ്ദിച്ച സംഭവത്തിൽ നടപടി. പറവൂർ സ്വദേശി പ്രശാന്തിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ എ.എസ്.ഐ ജിജോയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ എ.ഡി.ജി.പി പി. വിജയൻ നിർദ്ദേശം നൽകി.
നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ തീർത്ഥാടകരെ ഇറക്കുന്നതിനിടെ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. തർക്കത്തിനിടെ പ്രകോപിതനായ പോലീസ് ഉദ്യോഗസ്ഥൻ വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തതായാണ് പരാതി.
ഇത് മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ഡ്രൈവറെ ഉദ്യോഗസ്ഥൻ അസഭ്യം പറയുകയും മുഖത്തടിക്കുകയും പിടിച്ചുതള്ളുകയും ചെയ്തെന്നാണ് ആരോപണം. പോലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുന്നതിന്റെയും ഡ്രൈവറെ കൈയേറ്റം ചെയ്യുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു.
ബഹളം കേട്ട് മറ്റ് തീർത്ഥാടകരും പോലീസുകാരും സ്ഥലത്തെത്തിയതോടെയാണ് രംഗം ശാന്തമായത്. മർദ്ദനമേറ്റ പ്രശാന്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ പോലീസ് നടപടിക്ക് സമ്മർദമേറി. തുടർന്ന് നിലയ്ക്കൽ സ്പെഷ്യൽ ഓഫീസർ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് എ.എസ്.ഐ ജിജോയെ സസ്പെൻഡ് ചെയ്യാൻ എ.ഡി.ജി.പി ഉത്തരവിട്ടത്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ശബരിമലയിൽ തീർത്ഥാടകരുടെ മുന്നിൽ ട്രാവലർ ഡ്രൈവർക്ക് മർദ്ദനം ; ദൃശ്യങ്ങൾ പുറത്ത് : എ.എസ്.ഐക്ക് സസ്പെൻഷൻ
Advertisement
Advertisement
Advertisement