breaking news New

സുരക്ഷയ്ക്കായി സ്ഥാപിച്ച ട്രാഫിക് കോണുകൾ തന്നെ അപകടക്കെണി ; പത്തനംതിട്ട റാന്നിയിൽ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം

റാന്നി: വാഹനഗതാഗതം നിയന്ത്രിക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമായി സ്ഥാപിച്ച പ്ലാസ്റ്റിക് ട്രാഫിക് കോണുകളും ഡിവൈഡറുകളും തകർന്ന നിലയിൽ റോഡിൽ തുടരുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. റാന്നി ടൗണിലെ മാമുക്ക്, ചെത്തോംകര ജംഗ്ഷനുകളിലാണ് തകർന്ന ട്രാഫിക് കോണുകൾ വാഹനയാത്രക്കാർക്ക് വലിയ ദുരിതം സൃഷ്ടിക്കുന്നത്.

പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് കോണുകളിൽ പലതും തകർന്നും വളഞ്ഞും റോഡിലേക്ക് ചാഞ്ഞും കിടക്കുകയാണ്. രാത്രികാലങ്ങളിൽ ഇവ വ്യക്തമായി കാണാൻ കഴിയാത്തത് പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു.

തകർന്ന കോണുകളുടെ ഭാഗങ്ങളിൽ ടയറുകൾ തട്ടി വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാനും യാത്രക്കാർ റോഡിൽ വീഴാനും സാധ്യതയുണ്ട്. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ വാഹനങ്ങളുടെ ടയറുകൾക്കും കേടുപാടുകൾ വരുത്തിയേക്കാം. വലിയ അപകടങ്ങൾ സംഭവിക്കുന്നതിന് മുമ്പ് തകർന്ന സംവിധാനങ്ങൾ നീക്കം ചെയ്യുകയോ പുതിയത് സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റാന്നിയിൽ മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ രീതിയിൽ തകർന്ന ട്രാഫിക് കോണുകളും ഡിവൈഡറുകളും റോഡുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ തുടരുന്നുണ്ട്. ഇവയുടെ അറ്റകുറ്റപ്പണികൾ നടത്താനോ മാറ്റിസ്ഥാപിക്കാനോ ബന്ധപ്പെട്ട അധികൃതർ തയ്യാറാകുന്നില്ലെന്ന പരാതിയും ശക്തമാണ്.

പൊതുപണം ചെലവഴിച്ച് സ്ഥാപിക്കുന്ന ഇത്തരം സംവിധാനങ്ങളുടെ ഗുണനിലവാരവും ആവശ്യകതയും കൃത്യമായ പരിപാലനവും ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട വകുപ്പുകളുടെ ഉത്തരവാദിത്വമാണ്. റോഡ് സുരക്ഷയ്ക്കായി സ്ഥാപിക്കുന്ന സംവിധാനങ്ങൾ തന്നെ അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

ഇത്തരം സംവിധാനങ്ങൾ വ്യാപകമായി സ്ഥാപിക്കുന്നതിന്റെ ആവശ്യകത, ചെലവ്, പരിപാലനം എന്നിവ സംബന്ധിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്. അനാവശ്യ ചെലവുകളോ കരാർ ഇടപാടുകളിലെ ക്രമക്കേടുകളോ ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിലും സുതാര്യമായ പരിശോധന വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4