പത്തനംതിട്ട :
" നാം നമ്മുടെ നാടിന്റെ കാവലാൾ" എന്നാണ് തൂഫാൻ തദ്ദേശം പദ്ധതിയുടെ മുദ്രാവാക്യം.
ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഒന്നാംഘട്ടം എക്സൈസ് വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ കോളേജുകൾ സ്കൂളുകൾ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, യുവജന കൂട്ടായ്മകൾ എന്നിവിടങ്ങളിൽ വൻതോതിൽ ഉള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും അതുവഴി ലഹരിവിൽപ്പനക്കാർക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുകയും വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ലഹരി മരുന്നുകൾ എത്തിച്ചു കൊടുക്കുന്ന വലിയൊരു സംഘത്തെ പിടികൂടുന്നതിനും സാധിച്ചിരുന്നു.
എന്നാൽ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിന് 'തൂഫാൻ തദ്ദേശം' എന്നാണ് പേര് നൽകിയിരിക്കുന്നത്. പദ്ധതിയുടെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്.
പദ്ധതി ജില്ലയിൽ നടപ്പാക്കുന്നതിന് മുന്നോടിയായി ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS ന്റെ അധ്യക്ഷതയിൽ ജില്ലാ പോലീസ് ഓഫീസിൽ പ്രത്യേക യോഗം ചേർന്നു.
യോഗത്തിൽ ADM, LSGD ജില്ലാ ജോയിന്റ് ഡയറക്ടർ എന്നിവരും, ജില്ലയിലെ മുഴുവൻ ഡിവൈഎസ്പിമാർ സർക്കിൾ ഇൻസ്പെക്ടർമാർ എസ് എച്ച് മാർ എന്നിവരും പങ്കെടുത്തു. ജില്ലയിലെ എല്ലാ മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പൽ ചെയർമാൻ , മുനിസിപ്പൽ സെക്രട്ടറി , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി , വാർഡ് തല ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി മുനിസിപ്പാലിറ്റി / പഞ്ചായത്ത് തലത്തിലും , വാർഡ് തലത്തിലും ജന ജാഗ്രത സമിതികൾ രൂപീകരിക്കാൻ നിർദ്ദേശം നൽകി.
ഓരോ ജാഗ്രത സമിതികളിലും നേരിട്ട് പങ്കെടുക്കേണ്ട ഉദ്യോഗസ്ഥർക്ക് പ്രത്യേകം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ഓരോ സ്ഥലങ്ങളിലും നടക്കുന്ന തൂഫാൻ തദ്ദേശം പദ്ധതിക്ക് അതാത് സ്ഥലങ്ങളിലെ വാർഡ്തല ജനപ്രതിനിധികൾ നേതൃത്വം നൽകും.
ജന ജാഗ്രത സമിതികളുമായി ചേർന്ന് കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന പ്രവർത്തകർ , തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ , പൊതുജനങ്ങൾ തുടങ്ങി എല്ലാവരും ഇനി മുതൽ തൂഫാൻ പദ്ധതിയിലെ അംഗങ്ങളാണ്. ഏതുതരത്തിലുമുള്ള ലഹരി മരുന്നിന്റെ ഉപയോഗം കൈമാറ്റം കച്ചവടം എന്നിവയെ കുറിച്ചുള്ള ഏതു വിവരങ്ങളും പോലീസിനെ അറിയിക്കാം. വിവരങ്ങൾ അറിയിക്കുന്നവരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അതീവ രഹസ്യമായി സൂക്ഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പൊതുജനങ്ങളുടെ സഹകരണത്തോടുകൂടി മാത്രമേ ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം വിജയിപ്പിക്കാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം വേങ്ങരയിൽ നടക്കുന്ന അതേ സമയം തന്നെ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ തൂഫാൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർഥികളെയും യുവതലമുറയെയും കാർന്നുതിന്നുന്ന, ഒരു സമൂഹത്തെ ആകെ നശിപ്പിക്കുന്ന ലഹരി മാഫിയയെ പരിപൂർണ്ണമായി നാട്ടിൽ നിന്ന് ഇല്ലാതാക്കുവാൻ പോലീസ് വകുപ്പ് എക്സൈസ് തദ്ദേശസ്വയംഭരണ വകുപ്പുകളും ആയി ചേർന്ന് നടപ്പാക്കുന്ന തൂഫാൻ രണ്ടാംഘട്ട പദ്ധതിക്ക് പദ്ധതിക്ക് സമൂഹത്തിന്റെയും പൊതുജനങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും എല്ലാവിധ പിന്തുണയും ഉണ്ടാകണമെന്നും ജില്ലാ പോലീസ് മേധാവി അഭ്യർത്ഥിച്ചു.