കൊല്ലം : ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി കഴിഞ്ഞ മൂന്ന് മാസത്തിനിടെ രജിസ്റ്റർ ചെയ്ത ഇരുപതോളം മോഷണക്കേസുകളുമായി ബന്ധപ്പെട്ട് മൂന്നംഗ സംഘം പിടിയിൽ. അഖിൽ, ഭാസി, അമ്മു എന്നിവരെയാണ് ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തത്.
പൾസർ ബൈക്കിൽ വിവിധ പ്രദേശങ്ങളിൽ കറങ്ങി കടകൾ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ മോഷണരീതി. ഒരാൾ ബൈക്കിൽ പുറത്ത് കാത്തുനിൽക്കും. മറ്റ് രണ്ടുപേർ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന കടയ്ക്കുള്ളിൽ പ്രവേശിച്ച് ഉടമയുടെ ശ്രദ്ധ തിരിക്കും. ഈ സമയത്ത് കൗണ്ടറിലോ മേശയിലോ സൂക്ഷിച്ചിരിക്കുന്ന പണം കൈക്കലാക്കി ബൈക്കിൽ രക്ഷപ്പെടുന്നതായിരുന്നു പതിവ്.
നേരത്തെയും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് പിടിയിലായതെന്നാണ് പോലീസ് പറയുന്നത്. കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട എൻഡിപിഎസ് കേസുകളിലും കൊലപാതകക്കേസിലും ഇവർ പ്രതികളാണെന്നും പോലീസ് അറിയിച്ചു.
കുറച്ചുകാലമായി പോലീസ് നിരീക്ഷണത്തിലായിരുന്ന സംഘത്തെ പിടികൂടുന്നതിനിടെ നാടകീയ രംഗങ്ങളുണ്ടായി. ബ്ലേഡ് ഉപയോഗിച്ച് പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും സ്വയം മുറിവേൽപ്പിക്കുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി. ഏറെ സാഹസികമായാണ് മൂന്നുപേരെയും കീഴടക്കിയത്.
ഇരവിപുരം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മുഹമ്മദ് ആശിക്, എസ്.ഐ മുബാറക്, എ.എസ്.ഐ ബീന, സി.പി.ഒമാരായ സജിൻ, അരുണ്‍ദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
പൾസർ ബൈക്കിൽ കറങ്ങി കടകളിൽ മോഷണം ; 20 കേസുകളിലെ പ്രതികളെന്ന് ആരോപണം : മൂന്നംഗ സംഘം പിടിയിൽ
Advertisement
Advertisement
Advertisement