breaking news New

തിരുവാറന്മുളയപ്പന് ഓണവിഭവങ്ങളുമായി തിരുവോണത്തോണി പത്തനംതിട്ട ആറന്മുളയിൽ എത്തി ...

പത്തനംതിട്ട : തിരുവോണത്തോണി ഉത്രാടദിനമായ ഇന്നലെ തൃസന്ധ്യയില്‍ ദീപാരാധനക്കുശേഷം കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍നിന്ന് പുറപ്പെട്ടു. തിരുവോണ ദിനമായ ഇന്ന് പുലര്‍ച്ചെ 6 ന് തോണി ആറന്മുള ക്ഷേത്രക്കടവിലെത്തി. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ തോണി വരവിന് സാക്ഷിയാകാന്‍ പുലര്‍ച്ചെ 2 മുതല്‍ വന്‍ ജനാവലിയാണ് കാത്തുനിന്നത്. കുമാരനല്ലൂര്‍ മങ്ങാട്ടില്ലം അനൂപ് നാരായണ ഭട്ടതിരിയാണ് തോണിയാത്രക്കു നായകത്വം വഹിച്ചത്. കുമാരനല്ലൂരിലെ മങ്ങാട്ട് ഇല്ലെത്ത് നിന്ന് ആചാര വിധിപ്രകാരം ഞായറാഴ്ച അറിയിപ്പു തോണിയായ ചുരുളന്‍ വള്ളത്തില്‍ യാത്രതിരിച്ച ഭട്ടതിരി ഇന്നലെ അയിരൂര്‍ പുതിയകാവിലെ ഉച്ചപൂജക്കുശേഷമാണ് കാട്ടൂരില്‍ എത്തിയത്.

കാട്ടൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കടവിലെത്തിയ ഭട്ടതിരിയെ ക്ഷേത്രോപദേശക സമിതി ഭാരവാഹികളും 18 നായര്‍ തറവാടുകളിലെ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. വൈകിട്ട് ദീപാരാധക്ക് തൊട്ടുമുമ്പായി ആറന്മുള പാര്‍ഥസാരഥിയുടെ കെടാവിളക്കില്‍ കത്തിക്കാനുള്ള ദീപം കാട്ടൂര്‍ ക്ഷേത്രം മേല്‍ശാന്തി പകര്‍ന്നുനല്‍കി.

തുടര്‍ന്ന് തോണിയിലേക്ക് ഓണസദ്യക്കുള്ള വിഭവങ്ങള്‍ കയറ്റി. ആറന്മുള ക്ഷേത്രത്തില്‍ ചോതി നാളില്‍ നടന്ന ചോതി അളവില്‍ ലഭിച്ച നെല്ലുകുത്തി അരിയാക്കിയത് ഉള്‍പ്പെടെയുള്ള ഭക്ഷ്യവിഭവങ്ങളും പച്ചക്കറികളും തോണിയില്‍ ഉണ്ടായിരുന്നു. മങ്ങാട്ട് ഭട്ടതിരി തോണിയില്‍ പ്രവേശിച്ചശേഷം അവകാശ കുടുംബ പ്രതിനിധികളും തോണിയേറി.

കാട്ടൂര്‍, അയിരൂര്‍, ചെറുകോല്‍, കോറ്റാത്തൂര്‍, കുറിയന്നൂര്‍, മേലുകര, കീഴുകര, ഇടപ്പാവൂര്‍, ഇടപ്പാവൂര്‍ പേരൂര്‍, കീക്കൊഴൂര്‍ പള്ളിയോടങ്ങള്‍ തോണിക്ക് അകമ്പടി സേവിച്ചു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആചാരവെടി മുഴങ്ങിയതോടെ ക്ഷേത്രക്കടവില്‍ നിന്നും തോണി യാത്ര തുടങ്ങി. ആദ്യം ആചാരപ്രകാരം കാട്ടൂര്‍ ക്ഷേത്രക്കടവില്‍ നിന്നും ഉദ്ദേശം 150 മീറ്റര്‍ കിഴക്കോട്ട് നീങ്ങിയശേഷം പിന്നീട് തോണി പടിഞ്ഞാട്ട് തിരിഞ്ഞു യാത്രതുടര്‍ന്നു. ആദ്യം അയിരൂര്‍ മഠത്തിലാണ് തോണി അടുത്തത്. ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം അര്‍ദ്ധരാത്രിയോടെ തോണി ആറന്മുള ലക്ഷ്യമാക്കി പടിഞ്ഞാറേക്ക് നീങ്ങി. പുലര്‍ച്ചെ രണ്ടുമണിയോടെ മേലുകര വെച്ചൂര്‍ മഠത്തില്‍ കടവില്‍ തോണി അടുത്തപ്പോള്‍ വെറ്റ- പുകയില സമര്‍പ്പിച്ച് സ്വീകരിച്ചു.

തുടര്‍ന്ന് പാരമ്പര്യ വിധി പ്രകാരമുള്ള പൂജകള്‍ക്ക് ശേഷം തിരുവോണത്തോണി ആറന്മുളയിലേക്ക് നീങ്ങി. ഒപ്പം പതിനഞ്ചില്‍ പരം പള്ളിയോടങ്ങളും തോണിക്ക് അകമ്പടി സേവിച്ചു. തുഴയാതെ ഒഴുക്കിന് അനുസൃതമായി നീങ്ങിയ തോണി പുലര്‍ച്ചെ മൂന്നരയോടെ ആറന്മുളയ്‌ക്ക് കിഴക്ക് നിക്ഷേപമാലിക്ക് സമീപം എത്തി. മങ്ങാട്ടു ഭട്ടതിരിയുടെ തേവാരാദി കര്‍മ്മങ്ങള്‍ കഴിഞ്ഞതോടെ പടിഞ്ഞാറുനിന്നുള്ള മുപ്പതോളം പള്ളിയോടങ്ങള്‍ ക്ഷേത്രക്കടവും പിന്നിട്ട് നിക്ഷേപമാലി ലക്ഷ്യമാക്കി തുഴഞ്ഞു വന്നു. ഈ സമയം പമ്പയുടെ ഇരുകരകളിലും മണ്‍ചിരാതുകള്‍ പ്രഭചൊരിഞ്ഞു. ഇരുകരകളിലേയും ദീപനാളങ്ങള്‍ പമ്പാ നദിയില്‍ പ്രതിബിംബിച്ചു.

പുലര്‍ച്ചെ അഞ്ചു മണി കഴിഞ്ഞതോടെ നിക്ഷേപമാലിയില്‍ നിന്നും അമ്പതോളം പള്ളിയോടങ്ങളുടെ അകമ്പടിയോടെ തിരുവോണത്തോണി ക്ഷേത്ര കടവിനെ ലക്ഷ്യമാക്കി നീങ്ങി. ഇരുകരകളില്‍ നിന്നും നിറപറകള്‍ ഏറ്റുവാങ്ങി ക്ഷേത്രക്കടവിലെത്തിയ തോണിയെ ആയിരക്കണക്കിന് ഭക്തരും ദേവസ്വം ബോര്‍ഡ് അധികൃതരും ചേര്‍ന്ന് സ്വീകരിച്ചു. മങ്ങാട്ട് ഭട്ടതിരി ക്ഷേത്രത്തില്‍ പ്രവേശിച്ച് കെടാവിളക്കിലേക്കുള്ള ദീപം മേല്‍ശാന്തിക്ക് കൈമാറിയശേഷം പുറത്തിറങ്ങി.

തുടര്‍ന്ന് തിരുവോണ സദ്യക്കുള്ള ഒരുക്കം ആരംഭിച്ചു. ഭട്ടതിരി വൈകിട്ട് ദീപാരാധന തൊഴുതശേഷം ദേവസ്വം ബോര്‍ഡ് നല്‍കുന്ന പണക്കിഴി സ്വീകരിച്ച് അത് ഭഗവാന് തന്നെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച് കുമാരനല്ലൂരിലേക്ക് മടങ്ങും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4