തിരുവല്ല :
വിവിധ സമയങ്ങളിലായി നഷ്ടപ്പെട്ട അഞ്ച് മൊബൈൽ ഫോണുകൾ CEIR പോർട്ടലിന്റെ സഹായത്തോടെ കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകി തിരുവല്ല പോലീസ്.
2023 നവംബർ മുതൽ 2026 ഏപ്രിൽ വരെയുള്ള കാലയളവിൽ നഷ്ടപ്പെട്ട സാംസങ്, ഓപ്പോ കമ്പനികളുടെ വിലപിടിപ്പുള്ള മൊബൈൽ ഫോണുകളാണ് പോലീസ് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്തി വീണ്ടെടുത്തത്.
2023 നവംബറിൽ തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് നഷ്ടപ്പെട്ട, വാങ്ങി ഒരു മാസം പോലും തികയാത്ത സാംസങ് മൊബൈൽ ഫോൺ മൂന്ന് വർഷത്തിന് ശേഷം ഇടുക്കി കുമളിയിൽ നിന്നാണ് കണ്ടെത്തിയത്. 2025 മെയ് മാസത്തിൽ തിരുവല്ല റവന്യൂ ടവറിന് സമീപത്തുനിന്ന് നഷ്ടപ്പെട്ട പുതിയ ഓപ്പോ മൊബൈൽ ഫോൺ ഒന്നര വർഷത്തിന് ശേഷം തിരുവനന്തപുരം വള്ളക്കടവിലെ മൊബൈൽ ഷോപ്പിൽ നിന്നും വീണ്ടെടുത്തു.
2025 ജൂൺ 24-ന് നഷ്ടപ്പെട്ട ഓപ്പോ ഫോണും 2026 ഏപ്രിൽ 15-ന് നഷ്ടപ്പെട്ട സാംസങ് M02 ഫോണും CEIR പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് കണ്ടെത്തി. ഓരോ കേസിലും ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്തി ഉടമകൾക്ക് കൈമാറുകയായിരുന്നു.
'CEIR' (Central Equipment Identity Register) പോർട്ടലിൽ നഷ്ടപ്പെട്ട മൊബൈൽ ഫോണിന്റെ IMEI നമ്പർ രജിസ്റ്റർ ചെയ്യുന്നതിലൂടെ ഫോൺ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും പിന്നീട് കണ്ടെത്തി വീണ്ടെടുക്കുന്നതിനും സാധിക്കും. മൊബൈൽ ഫോൺ നഷ്ടപ്പെടുന്നവർ ഈ സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് പോലീസ് അറിയിച്ചു.
തിരുവല്ല SHO റിയാസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ആര്യമോൾ, ASI ശ്രീജിത്ത്, CPO ദീപു എന്നിവർ വിവിധ കേസുകളിലായി നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമകൾക്ക് തിരികെ കൈമാറുന്നതിൽ നിർണായക പങ്കുവഹിച്ചു.
നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ തിരികെ ലഭിക്കാൻ CEIR പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും , കൂടാതെ ഈ സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുന്നതോടൊപ്പം തിരുവല്ല പോലീസിന്റെ സാങ്കേതിക മികവും സമയോചിതമായ ഇടപെടലും വ്യക്തമാക്കുന്നതാണ് ഈ നേട്ടമെന്നും ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസ് പറഞ്ഞു.