എറണാകുളം കളമശ്ശേരിയില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ അന്വേഷണം ശക്തമാക്കിയതോടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് സെപ്റ്റംബര്‍ 12 മുതല്‍ ഒളിവില്‍ പോയ സാബിത്തിനായി ഒരാഴ്ചയായി പൊലീസ് തെരച്ചില്‍ നടത്തിവരികയായിരുന്നു.
കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പൊലീസ് പിടിച്ചെടുത്ത് സുല്‍ത്താന്‍ ബത്തേരി സ്റ്റേഷനിലെ പ്രോപ്പര്‍ട്ടി റൂമില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളാണ് സാബിത്ത് കടത്തിയത്. സെപ്റ്റംബര്‍ 10-ന് പ്രോപ്പര്‍ട്ടി റൂം വൃത്തിയാക്കാനായി തുറന്നപ്പോഴാണ് ചാക്കുകള്‍ നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് പൊലീസുകാരന്‍ തന്നെ നടത്തിയ മോഷണത്തിന്റെ ചുരുളഴിഞ്ഞത്.
സ്റ്റേഷന്‍ റൈറ്ററുടെ മേശപ്പുറത്തിരുന്ന താക്കോലെടുത്ത് പ്രോപ്പര്‍ട്ടി റൂം തുറന്ന സാബിത്ത്, നിരോധിത പുകയില ഉല്‍പ്പന്നങ്ങളടങ്ങിയ ഏഴ് ചാക്കുകെട്ടുകളും സ്വന്തം വാഹനത്തിലേക്ക് മാറ്റി കടത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തനിക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് മനസ്സിലാക്കിയതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. ഇയാളുടെ കാര്‍ നേരത്തെ കോഴിക്കോടുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
സംഭവത്തെക്കുറിച്ച് ബത്തേരി ഡിവൈഎസ്പി അബ്ദുള്‍ കരീം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ പൊലീസ് മേധാവി ദേവമനോഹര്‍ സാബിത്തിനെ നേരത്തെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ കണ്ടെത്തുന്നതിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കളമശ്ശേരിയില്‍ നിന്ന് ഇയാളെ വലയിലാക്കിയത്.
ബത്തേരി പൊലീസ് സ്റ്റേഷനിലെ പ്രോപ്പർട്ടി റൂമിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷണം ; ഒളിവിലായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി. സാബിത്ത് പിടിയിൽ
Advertisement
Advertisement
Advertisement